
താമരശ്ശേരി : അപകടക്കെണി തീർക്കുന്ന, കാലപ്പഴക്കംചെന്ന കെട്ടിടങ്ങൾ മലയോരം ഉൾപ്പെടെ ജില്ലയുടെ മിക്കഭാഗങ്ങളിലും കടുത്ത ആശങ്കയാകുന്നു. പൊതു, സഹകരണ, സ്വകാര്യ ഉടമസ്ഥതയിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള ജീർണിച്ച നൂറുകണക്കിന് കെട്ടിടങ്ങളാണ് മനുഷ്യജീവന് ഭീഷണിയുയർത്തുന്നതരത്തിൽ നിലകൊള്ളുന്നത്. പൊതുസ്ഥാപനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കേണ്ടത് നിർബന്ധമാക്കുന്നുണ്ടെങ്കിലും സ്വകാര്യകെട്ടിടങ്ങൾക്ക് ചട്ടത്തിലെ പ്രസ്തുത വ്യവസ്ഥ ബാധകമാവാറില്ല.
ജി.എസ്.ടി.യുടെ ആവിർഭാവത്തോടെ ഉപയോഗമില്ലാതായ താമരശ്ശേരി ചുങ്കത്തെ വാണിജ്യനികുതി ചെക്പോസ്റ്റിലെ കെട്ടിടം ഉപേക്ഷിക്കപ്പെട്ട് നിലകൊള്ളാൻ തുടങ്ങിയിട്ട് കാലങ്ങളായി. കാലപ്പഴക്കംചെന്ന ഈ കെട്ടിടത്തിന് ഉൾവശത്തെ ഒഴിഞ്ഞഭാഗത്ത് പലരും ഇരുചക്രവാഹനങ്ങൾ നിർത്തിയിടാറുണ്ട്. പഴയ ലോറി സ്റ്റാൻഡായിരുന്നതിനാൽ ചരക്കുലോറികൾ നിർത്തിയിടുന്ന സ്ഥലംകൂടിയാണ് ചെക്പോസ്റ്റ് പരിസരം. ഭിത്തിയിൽ വിള്ളൽവീണും പൂപ്പൽവീണും കിടക്കുന്ന കെട്ടിടവും മുകൾഭാഗത്തെ നാല് കൂറ്റൻ കോൺക്രീറ്റ് ബീമും തകർന്നുവീണാൽ ആളപായത്തിന് സാധ്യതയേറെയാണ്.





