പ്രസവത്തിനെത്തിയ ഡോക്ടറോട് സഹപ്രവർത്തകയുടെ മോശം പെരുമാറ്റം; മെഡിക്കൽ കോളേജ് സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ (IMCH) പ്രസവത്തിനെത്തിയ വനിതാ ഡോക്ടറോട് ഡ്യൂട്ടിയിലുണ്ടായിരുന്ന പി.ജി ഡോക്ടർ മോശമായി പെരുമാറിയെന്ന പരാതിയിൽ ആശുപത്രി സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചു.
പ്രസവമുറിയിൽ കൂട്ടിരിപ്പുകാരെ നിയോഗിക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് മോശം പെരുമാറ്റത്തിലേക്ക് നയിച്ചതെന്നാണ് സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒന്നാം വർഷ പി.ജി വിദ്യാർത്ഥിനിയായ ഡോക്ടറാണ് പരാതിക്കാരിയോട് അധിക്ഷേപകരമായ രീതിയിൽ സംസാരിച്ചത്.
2022 ഓഗസ്റ്റ് 17-നാണ് മലപ്പുറം സ്വദേശിയായ വനിതാ ഡോക്ടർക്ക് ആശുപത്രിയിൽ വെച്ച് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. സംഭവത്തെത്തുടർന്ന് ഇവർ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ആവശ്യപ്പെട്ട വിശദീകരണത്തിലാണ് ആശുപത്രി അധികൃതർ വീഴ്ച സമ്മതിച്ചത്. അച്ചടക്ക ലംഘനം നടത്തിയ ഡോക്ടറോട് വിഷയത്തിൽ വിശദീകരണം തേടിയിട്ടുണ്ടെന്നും ആശുപത്രി ഭരണകൂടം കമ്മീഷനെ അറിയിച്ചു.





