Kannur

കണ്ണൂർ ചക്കരക്കല്ലിൽ അവശനിലയിൽ വീട്ടുവരാന്തയിൽ കണ്ട ഓട്ടോ ഡ്രൈവർ മരിച്ചു; അന്വേഷണം വേണമെന്ന് ബന്ധുക്കളുടെ പരാതി

Please complete the required fields.




ചക്കരക്കല്ല് : അവശനിലയിൽ വീട്ടുവരാന്തയിൽ കണ്ടതിനെത്തുടർന്ന് ആസ്പത്രിയിലെത്തിച്ച ഓട്ടോഡ്രൈവർ മരിച്ചു. കാനച്ചേരി ചാപ്പയിലെ ഗുഡ്സ് ഓട്ടോഡ്രൈവർ മാവിലാച്ചാൽ പോതി കോട്ടത്ത് ബൈജു (42) ആണ് മരിച്ചത്.

ബൈജു അവശനിലയിൽ കിടക്കുന്നതുകണ്ട് ബന്ധുക്കളും സമീപത്തുള്ളവരും ചൊവ്വാഴ്ച രാത്രി 7.30-ഓടെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അവേര സ്വദേശിയും ബൈജുവും തമ്മിൽ കാനച്ചേരി ചാപ്പ സ്റ്റാൻഡിന് സമീപം ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെ വാക്‌തർക്കമുണ്ടായിരുന്നു. ഇതിനുശേഷം ബൈജുവിനെ ഇദ്ദേഹവും മറ്റൊരാളും ചേർന്ന് ഓട്ടോയിൽ കയറ്റി വീട്ടിലെത്തിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

ചക്കരക്കല്ല് പോലീസ് ഇൻസ്പെക്ടർ എം.പി.ഷാജിയുടെ നേതൃത്വത്തിൽ പ്രാഥമികാന്വേഷണം നടത്തി. മുറിവോ ചതവോ കണ്ടെത്താനായിട്ടില്ലെന്ന് ഇൻസ്പെക്ടർ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബൈജുവിന്റെ സഹോദരൻ ചക്കരക്കല്ല് പോലീസിൽ പരാതി നൽകി.

ബൈജുവിന്റെ അച്ഛൻ: പരേതനായ കുഞ്ഞപ്പ നായർ. അമ്മ: പോതികോട്ടത്ത് നാണി. ഭാര്യ: സജ്ന. മക്കൾ: ഐശ്വര്യ, ജിഷ്ണു. സഹോദരങ്ങൾ: ബീന, സുനിത, ബാബു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബുധനാഴ്ച ഉച്ചയോടെ പയ്യാമ്പലത്ത് സംസ്കരിച്ചു.

Related Articles

Back to top button