
ഓമശ്ശേരി : പണിമുടക്കുദിവസം വെളിമണ്ണക്കാർക്ക് കിട്ടിയത് എട്ടിന്റെ പണി. എരച്ചാൻ വീട്ടിൽ അബ്ദുൾ ജബ്ബാറിന്റെ വീട്ടുമുറ്റത്തെ കിണറ്റിൽ മ്ലാവ് വീണു. വിവരമറിഞ്ഞതോടെ മ്ലാവിനെ കാണാനും രക്ഷിക്കാനും നാട്ടുകാരുടെ തിരക്കായി. ഒടുവിൽ വിവരമറിയിച്ചതിനെ ത്തുടർന്ന് വനംവകുപ്പ് ദ്രുതകർമസേന സ്ഥലത്തെത്തി. ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിൽ മ്ലാവിനെ പുറത്തെത്തിക്കുകയായിരുന്നു. ആറുവയസ്സുള്ള പൂർണ വളർച്ചയെത്തിയ ആൺ മ്ലാവാണ് വ്യാഴാഴ്ച പുലർച്ചെയോടെ കിണറ്റിൽവീണത്. സമീപത്തൊന്നും വനപ്രദേശമില്ല.
കാട്ടിൽ പുലിയോ ചെന്നായകളോ കാട്ടുനായകളോ മറ്റോ ഇരപിടിക്കാനായി ഓടിച്ചതിനെത്തുടർന്നാവാം സാമ്പാർ ഡീർ (മ്ലാവ്) ജനവാസമേഖലയിൽ എത്തിയതെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. വേട്ടക്കാരെ ഭയന്ന് കൂട്ടംതെറ്റിയോടുമ്പോഴും പൊതുവേ മ്ലാവ് പോലുള്ള വന്യമൃഗങ്ങൾ ജനവാസമേഖലകളിലേക്ക് എത്തിപ്പെടാറുണ്ടെന്ന് വനംവകുപ്പ് ദ്രുതകർമസേന റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ഷാജീവ് അറിയിച്ചു.
കപ്പികെട്ടി കയറിട്ട് വലിച്ചാണ് വനപാലകരും നാട്ടുകാരും ചേർന്ന് മ്ലാവിനെ മുകളിലെത്തിച്ചത്. വലിയ കൊമ്പുള്ള മ്ലാവിനെ വനംവകുപ്പിന്റെ വാഹനത്തിൽ കൊണ്ടുപോകാൻ പറ്റാതായതോടെ പിക്കപ്പ് വാൻ വാടകയ്ക്കെടുത്താണ് മ്ലാവിനെ വെളിമണ്ണക്കാർ യാത്രയാക്കിയത്. കോടഞ്ചേരി തുഷാരഗിരിക്ക് മുകളിലുള്ള വനമേഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പിന്നീട് മ്ലാവിനെ തുറന്നുവിട്ടു.





