
ടൈറ്റാനിക്കിന്‍റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രക്കിടെ അന്‍റ്ലാന്‍റിക്കിൽ കാണാതായ ചെറു മുങ്ങിക്കപ്പൽ ‘ടൈറ്റന്’ വേണ്ടിയുള്ള തെരച്ചിൽ തുടരവേ സമുദ്രത്തിൽ നിന്ന് പ്രത്യേക മുഴക്കം തിരിച്ചറിഞ്ഞു. കനേഡിയൻ പി-3 എയർക്രാഫ്റ്റാണ് ‘ഇടിക്കുന്ന ശബ്ദം’ തിരിച്ചറിഞ്ഞത്.
ഓരോ 30 മിനിറ്റ് ഇടവേളയിലായി ഈ ശബ്ദം കേട്ടതായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശബ്ദം കേട്ട ഭാഗത്തേക്ക് തെരച്ചിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. ശബ്ദം കേട്ടത് സ്ഥിരീകരിച്ച യു.എസ് കോസ്റ്റ് ഗാർഡ് തെരച്ചിലിൽ ഇതുവരെ ശുഭകരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കി.
റോബോട്ടിക് ഉപകരണങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് ശ്രമം തുടരുകയാണ്. പി-3 എയർക്രാഫ്റ്റ് തിരിച്ചറിഞ്ഞ ശബ്ദം നേവി വിദഗ്ധർക്ക് വിശദമായ അവലോകനത്തിനായി കൈമാറിയിട്ടുണ്ടെന്നും കോസ്റ്റ് ഗാർഡ് നോർതേൺ കമാൻഡ് വ്യക്തമാക്കി.
ശബ്ദം കേട്ട ഭാഗത്ത് എത്രയും വേഗം തെരച്ചിൽ കേന്ദ്രീകരിക്കണമെന്ന് സമുദ്ര വിദഗ്ധൻ ഡേവിഡ് ഗാലോ അഭിപ്രായപ്പെട്ടു. സമയമാണ് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. റോബോട്ടുകളും മുങ്ങിക്കപ്പലുകളും ഉപയോഗിച്ച് ശബ്ദം വന്ന കേന്ദ്രം കണ്ടെത്തണം.
കാണാതായ ടൈറ്റൻ മുങ്ങിക്കപ്പലിലുള്ള അഞ്ചുപേരിലൊരാളായ സമുദ്രഗവേഷകൻ പോൾ ഹെൻട്രി നാർജിയോലെറ്റ് എന്‍റെ സുഹൃത്താണ്. ഓരോ 30 മിനിറ്റിലും കേൾക്കുന്ന ഈ ഇടി ശബ്ദം പോലെ എന്തെങ്കിലുമൊന്ന് ചെയ്യാൻ സാധ്യതയുള്ള വ്യക്തിയാണ് അദ്ദേഹം -ഗാലോ പറഞ്ഞു.





