
കോഴിക്കോട് : വളയനാട് ദേവീക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ വടക്കേനടയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പള്ളിവേട്ട നടന്നു. വൈകീട്ട് അവകാശികൾ കുടയെഴുന്നള്ളിച്ച് ക്ഷേത്രത്തിന്റെ വടക്കേനടയിൽ എത്തിയതോടെയാണ് പള്ളിവേട്ട ചടങ്ങുകൾക്ക് തുടക്കമായത്.
ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ പ്രമാണത്തിൽ നൂറ്റൊന്ന് കലാകാരന്മാർ അണിനിരന്ന പാണ്ടിമേളം ഉത്സവരാവിന് കൊഴുപ്പേകി. തുടർന്ന് ആകാശത്ത് വർണവിസ്മയംതീർത്ത വെടിക്കെട്ടും നടന്നു.
ക്ഷേത്രംതന്ത്രി ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ മഹാമൃത്യുഞ്ജയഹോമവും നേരത്തേ നടന്നിരുന്നു.
ഉത്സവത്തിന് സമാപനംകുറിച്ചുകൊണ്ടുള്ള ദേവിയുടെ ആറാട്ട് ബുധനാഴ്ച നടക്കും. വൈകീട്ട് അഞ്ചുമണിയോടെ ക്ഷേത്രാങ്കണത്തിൽനിന്ന് യാത്രാബലിയോടുകൂടി ആറാട്ടെഴുന്നള്ളിപ്പ് ആരംഭിക്കും. നേരേ ആഴ്ചവട്ടം തറക്കൽ ക്ഷേത്രത്തിലേക്കാണ് എഴുന്നള്ളിപ്പ്. അവിടെ തായമ്പകയും കേളിക്കൈയും കഴിഞ്ഞ്, വാദ്യമേളത്തോടെ ഏഴ് പ്രദക്ഷിണവുമായി വിളക്കെഴുന്നള്ളിപ്പ് നടക്കും. തുടർന്ന് പാണ്ടിമേളത്തോടെയാണ് ആറാട്ടെഴുന്നള്ളിപ്പ് മാങ്കാവിലെത്തുക. രാത്രി പത്തോടെ മാങ്കാവ് തൃശാലക്കുളത്തിന്റെ ആറാട്ടുകടവിലാണ് ആറാട്ട്.





