
വടകര : കുറ്റ്യാടി ജലസേചനക്കനാൽ തുറന്നതോടെ ആയഞ്ചേരി തറോപ്പൊയിൽ പാടശേഖരത്തിലെ കർഷകർക്ക് ആശ്വാസം. വറ്റിവരണ്ട പാടത്തിലേക്ക് തിങ്കളാഴ്ച രാവിലെ വെള്ളമെത്തി. ഇതോടെ നാശത്തിന്റെ വക്കിൽനിന്ന് കൃഷി കരകയറി.പാടം നേരത്തേ വറ്റിവരണ്ടതോടെ ഇവിടെ 150 ഏക്കറോളം സ്ഥലത്ത് നെൽക്കൃഷി ഭീഷണിയിലായിരുന്നു. ഇതോടെ കുറ്റ്യാടി ജലസേചനക്കനാൽ എത്രയുംപെട്ടെന്ന് തുറക്കണമെന്ന ആവശ്യം പല കോണുകളിൽനിന്ന് ഉയർന്നു.
ആയഞ്ചേരിയിലെ കർഷകർ നേരിടുന്ന ദുരിതം സംബന്ധിച്ച് ‘മാതൃഭൂമി’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കനാൽ വേഗത്തിൽ തുറക്കാൻ ഇതെല്ലാം വഴിയൊരുക്കി. സാധാരണയിലും 20 ദിവസം നേരത്തേയാണ് ഇത്തവണ കനാൽ തുറന്നത്. കുറ്റ്യാടി കനാൽ തുറന്നയുടൻ ആദ്യഘട്ടത്തിൽ വെള്ളം ഒഴുക്കിയത് വടകര താലൂക്ക് പരിധിയിൽ ഒഴുകുന്ന വലതുകര കനാലാണ്. 30-ന് തുറന്ന കനാലിലെ വെള്ളം മൂന്നാംദിവസം ആയഞ്ചേരിയിലെത്തി.തിരുവള്ളൂർ ഡിസ്ട്രിബ്യൂട്ടറി കനാലിന്റെ അഞ്ചാംകിലോമീറ്ററിലാണ് തറോപ്പൊയിൽ പാടത്തേക്ക് വെള്ളംനൽകുന്ന പോയിന്റുള്ളത്. തിങ്കളാഴ്ച രാവിലെ കനാലിൽനിന്ന് വെള്ളം പൈപ്പ് വഴി തോടിലേക്കും തോട് വഴി പാടത്തേക്കും ഒഴുകിത്തുടങ്ങി. പാടശേഖരസമിതി സെക്രട്ടറി കെ.എം. വേണു ഉൾപ്പെടെയുള്ള കർഷകർ സ്ഥലത്തെത്തി.
150 ഏക്കർ നെൽപ്പാടത്തിൽ ഏതാണ്ട് 60 ഏക്കറോളം സ്ഥലത്തെ പാടം വറ്റിവരണ്ട് വിണ്ടുകീറിയിരുന്നു. 45 ദിവസം പ്രായമായ ചെടികളാണിവ. രണ്ടാംവളം നൽകേണ്ട സമയമായിട്ടും വെള്ളമില്ലാത്തതിനാൽ കർഷകർ വളംചെയ്തിരുന്നില്ല. വെള്ളമെത്തിയതോടെ അടുത്തദിവസംതന്നെ വളപ്രയോഗം തുടങ്ങുമെന്ന് കർഷകനായ കാട്ടുപന്തലിൽ അബ്ദുറഹ്‌മാൻ പറഞ്ഞു.വടകര താലൂക്കിൽ ആയഞ്ചേരി, വേളം, തിരുവള്ളൂർ, ചെരണ്ടത്തൂർ ചിറ പാടശേഖരങ്ങളിലാണ് പ്രധാനമായും നെൽക്കൃഷിയുള്ളത്. ഡിസംബർ, ജനുവരി മാസങ്ങളിൽ തുടങ്ങുന്ന പുഞ്ചക്കൃഷിയാണ് എല്ലാം. കൃഷി തുടങ്ങി ദിവസങ്ങൾക്കകം പാടത്തെ വെള്ളംവറ്റുമെന്നതിനാൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കടുത്ത വരൾച്ചയായിരിക്കും. കുറ്റ്യാടി ജലസേചനപദ്ധതിയുടെ കനാൽവെള്ളമാണ് കർഷകർക്ക് ആശ്രയം.
ചില വർഷങ്ങളിൽ കൃത്യസമയത്ത് വെള്ളംകിട്ടാത്തതും അനവസരത്തിൽ വെള്ളംകിട്ടുന്നതുമെല്ലാം പ്രതിസന്ധി തീർക്കാറുണ്ട്.ഇത്തവണ ആയഞ്ചേരിയിൽ നേരത്തേത്തന്നെ പാടം വറ്റിയതാണ് പ്രശ്നമായത്. ഏറ്റവുംകൂടുതൽ പാടമുള്ള ചെരണ്ടത്തൂരിൽ നടീൽ പൂർണമായും കഴിഞ്ഞിട്ടില്ല. പത്താംതീയതിവരെ നടീൽ നടക്കും. ഫെബ്രുവരി അവസാനത്തോടെ ഈ പാടങ്ങളിലും വെള്ളം വേണ്ടിവരും. മണിയൂർ ബ്രാഞ്ച് കനാലിലാണ് ചെരണ്ടത്തൂർ ചിറ വരുന്നത്. കനാൽ തുറന്ന സാഹചര്യത്തിൽ ആവശ്യമുള്ള സമയത്ത് വെള്ളംകിട്ടുമെന്ന പ്രതീക്ഷ കർഷകർക്കുണ്ട്.
വേളത്തും വരുംദിവസങ്ങളിൽ വെള്ളം ആവശ്യമായിവരും. അഴിയൂർ ബ്രാഞ്ച് കനാലിലായിരിക്കും ഇനി വെള്ളം തുറന്നുവിടുക. ഈ കനാലിന്റെ അറ്റം വരെ വെള്ളമെത്തിക്കുകയാണ് ലക്ഷ്യം. പിന്നാലെ മണിയൂർ, വേളം, തൂണേരി ബ്രാഞ്ച് കനാലുകളിലേക്കും വെള്ളം തുറക്കും. കനാൽവെള്ളമെത്തുമ്പോൾ കിണറുകളിലെയും ജലനിരപ്പ് ഉയരുമെന്നതിനാൽ കുടിവെള്ളാവശ്യത്തിനും കനാൽ നിർണായക പങ്കുവഹിക്കുന്നുണ്ട്.





