
താമരശ്ശേരി : താമരശ്ശേരി പോസ്റ്റോഫീസിനു സമീപത്തെ ജനത ബേക്കറിയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഒരു ‘അതിഥി’യെത്തി. എതിർവശത്തെ ഇടറോഡിൽനിന്ന് കുതിച്ചെത്തി ദേശീയപാത മുറിച്ചുകടന്നാണ് അതിഥി ബേക്കറിയിലേക്ക് ഓടിക്കയറിയത്. പതിനഞ്ചുമിനിറ്റോളം ബേക്കറിയിൽ ചെലവിട്ടശേഷം കൂളായി മടങ്ങുകയും ചെയ്തു. പൂർണവളർച്ചയെത്തിയ വലിയൊരു കാട്ടുപന്നിയായിരുന്നു അത്.
ബേക്കറിയിലേക്ക് അപ്രതീക്ഷിതമായെത്തിയ കാട്ടുപന്നി അല്പനേരത്തേക്ക് ബേക്കറിയിലും സമീപത്തും പരിഭ്രാന്തി സൃഷ്ടിച്ചു. താമരശ്ശേരി സ്വദേശിയായ വിനയന്റെ ഉടമസ്ഥതയിലുള്ള ബേക്കറിയിൽ ആ സമയത്ത് ജീവനക്കാരായ ഓമശ്ശേരി സ്വദേശി സജി, താമരശ്ശേരി സ്വദേശിനി രമ്യ, ചായ കുടിക്കാനായെത്തിയ രണ്ടു സ്ത്രീകൾ എന്നിവരാണുണ്ടായിരുന്നത്.
അതിഥിയുടെ പെരുമാറ്റം പൊതുവേ നിരുപദ്രവകരമായിരുന്നെന്ന് സംഭവത്തിന് സാക്ഷിയായ ബേക്കറിജീവനക്കാരൻ സജി പറഞ്ഞു. “റോഡ് മുറിച്ചുകടന്ന് നേരേ ബേക്കറിയിലേക്ക് ഓടിക്കയറി അവൻ അടുക്കളയിലേക്കു പോയി. പിന്നീട് അവിടെനിന്ന് ഇരിപ്പിടങ്ങൾ വെച്ച ഭാഗത്തേക്കെത്തി. ചായ കുടിക്കാനെത്തിയ രണ്ടു സ്ത്രീകളെയും ഞങ്ങൾ വേഗം പുറത്തേക്കു മാറ്റി. പിന്നീട് പലഹാരങ്ങൾ വെച്ച ചില്ലലമാരകൾ തട്ടി അവയ്ക്കിടയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ആരെയും ഉപദ്രവിച്ചില്ല. പതിനഞ്ചുമിനിറ്റോളം കഴിഞ്ഞാണ് ഇവിടെനിന്ന് ഇറങ്ങിയത്. മടങ്ങുമ്പോൾ ഒരു കാറിന്റെ ഡോറിൽത്തട്ടി റോഡിൽ വീണെങ്കിലും പിടഞ്ഞെഴുന്നേറ്റ് വന്ന ഇടറോഡിലൂടെതന്നെ അവൻ ഓടിമറഞ്ഞു.”
രാപകൽഭേദമില്ലാതെയുള്ള കാട്ടുപന്നിശല്യം പുതുമയല്ലാത്ത മലയോരത്ത് മുൻപും സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ട്.





