
പന്തീരാങ്കാവ് : ഒളവണ്ണ, പന്തീരാങ്കാവ് വില്ലേജുകളിൽ തണ്ണീർത്തടങ്ങളും വയലുകളും വ്യാപകമായി മണ്ണിട്ടുനികത്തുകയാണ്. നിലവിലുള്ള മാനദണ്ഡങ്ങൾ ഒന്നുംതന്നെ പാലിക്കാതെയുള്ള നികത്തലിൽ അധികൃതർ മൗനംപാലിക്കുകയാണെന്നാണ് പരക്കേയുള്ള ആക്ഷേപം. പന്തീരാങ്കാവ് വില്ലേജിലുള്ള വയൽക്കരയിലും പൂളേങ്കരയിലും കഴിഞ്ഞവർഷം നെൽക്കൃഷിചെയ്ത വയലുകളാണ് നികത്തുന്നത്.
ഒളവണ്ണ വില്ലേജ് പരിധിയിലുള്ള പ്രകൃതിദത്ത തണ്ണീർത്തടങ്ങളും നീർച്ചാലുകളുംവരെ കൈയേറി നികത്തുകയാണ്. ചെറുതും വലുതുമായ നീർച്ചാലുകൾ മണ്ണും മാലിന്യവും ഉപയോഗിച്ച് മൂടുന്നത് മാമ്പുഴ തീരങ്ങളിലെ ദയനീയക്കാഴ്ചയാണ്.
തീരദേശപരിപാലനനിയമങ്ങളും വയൽസംരക്ഷണവും തണ്ണീർത്തടസംരക്ഷണ നിയമങ്ങളുമെല്ലാം ലംഘിക്കപ്പെടുകയാണ്. മണ്ണിട്ടുനികത്തുന്ന വയൽ തരംമാറ്റിയതാണെന്നാണ് പലരും അവകാശപ്പെടുന്നത്. അതേസമയം ഒളവണ്ണ, പന്തീരാങ്കാവ് മുൻ വില്ലേജ് ഓഫീസർമാർ തരംമാറ്റലിന് കൈക്കൂലി വാങ്ങിയതിന് വിജിലൻസ് പിടികൂടിയവരാണ്. അതുകൊണ്ടുതന്നെ അവരുടെ കാലത്ത് തരംമാറ്റിയെന്ന് അവകാശപ്പെടുന്ന വയലുകളുടെ നിജസ്ഥിതി എന്താണെന്നും സംശയമാണ്.
പന്തീരാങ്കാവ് വില്ലേജിൽ പുതിയ വില്ലേജ് ഓഫീസറെ നിയമിച്ചിട്ടുണ്ട്. എന്നാൽ, രണ്ടുമാസം പിന്നിടുമ്പോഴും ഒളവണ്ണയിൽ വില്ലേജ് ഓഫീസറെ നിയമിച്ചിട്ടില്ല.ഇതും നികത്തലുകാർക്ക് സൗകര്യമാണ്. കൈയേറ്റവും നികത്തലും കെട്ടിടനിർമാണങ്ങളും ഒരു മറയുമില്ലാതെ നടക്കുമ്പോഴും സർക്കാർ സംവിധാനങ്ങളൊക്കെ കണ്ണടയ്ക്കുകയാണ്.ശേഷിക്കുന്ന വയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ അടിയന്തരനടപടികളാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.





