ട്വൻ്റി 20 ലോകകപ്പ്: ഇന്ത്യയിലേക്ക് ഇല്ലെന്ന നിലപാടിൽ ബംഗ്ലദേശ്; പാക്കിസ്ഥാൻ്റെ പിന്തുണ തേടി ബിസിബി

ധാക്ക: ട്വൻ്റി 20 ലോകകപ്പിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കാൻ വിസമ്മതിക്കുന്ന ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി), വിഷയത്തിൽ പാക്കിസ്ഥാൻ്റെ പിന്തുണ തേടി.
ബംഗ്ലദേശിൻ്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ലോകകപ്പിൽ നിന്ന് സ്വയം പിന്മാറാൻ പോലും പാക്കിസ്ഥാൻ തയ്യാറായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറുന്നതുമായി ബന്ധപ്പെട്ട ഇന്ത്യ-ബംഗ്ലദേശ് നയതന്ത്ര തർക്കങ്ങളാണ് ക്രിക്കറ്റ് മൈതാനത്തേക്കും പടർന്നത്.ബംഗ്ല പേസർ മുസ്തഫിസുർ റഹ്‌മാനെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ, തങ്ങളുടെ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബിസിബി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം ഐസിസി ഇതുവരെ അംഗീകരിച്ചിട്ടില്ല.
വേദി മാറ്റാൻ സാധിക്കില്ലെങ്കിൽ ഗ്രൂപ്പ് മാറ്റമെന്ന നിർദ്ദേശമാണ് ബിസിബി മുന്നോട്ട് വെക്കുന്നത്. നിലവിൽ ഗ്രൂപ്പ് സിയിലുള്ള ബംഗ്ലദേശിനെ അയർലൻഡിന് പകരം ഗ്രൂപ്പ് ബിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ഗ്രൂപ്പ് ബിയിലെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടക്കുന്നത് എന്നതിനാലാണ് ഈ നീക്കം.വിഷയത്തിൽ ഈ മാസം 21-നകം അന്തിമ തീരുമാനം അറിയിക്കാൻ ഐസിസി ബംഗ്ലദേശിന് അന്ത്യശാസനം നൽകി. ഇന്ത്യയിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന വാദം ഐസിസി തള്ളിക്കളഞ്ഞു. ബംഗ്ലദേശ് പിന്മാറുകയാണെങ്കിൽ റാങ്കിംഗിൽ മുന്നിലുള്ള സ്കോട്ട്ലൻഡിനെ ലോകകപ്പിൽ ഉൾപ്പെടുത്തിയേക്കും.





