
കൊയിലാണ്ടി : ഒരു സ്റ്റേഷൻ ഓഫീസർ, രണ്ട് അസി. സ്റ്റേഷൻ ഓഫീസർമാർ, 24 ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാർ, 12 ഹോംഗാർഡുമാർ, വർക്കിങ് അറേഞ്ച്‌മെൻറിൽ വരുന്ന മറ്റു ജീവനക്കാർ. ഇവർക്ക് ഉപയോഗിക്കാൻ ആകെ രണ്ട് ടോയ്‌ലറ്റുകൾമാത്രം.
കൊയിലാണ്ടി ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനിലെ ജീവനക്കാർ അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയാണ്. രണ്ട് ടോയ്‌ലറ്റുകൾ ഉണ്ടെങ്കിലും ഇതിൽ ഒന്ന് ഉപയോഗിക്കാൻ കഴിയില്ലെന്നാണ് ജീവനക്കാർ പറയുന്നത്. ദിവസവും 15 പേർ ഇവിടെ ഡേ-നൈറ്റ് ഡ്യൂട്ടിയെടുക്കും. ഇവർക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കണമെങ്കിൽ പുലർച്ചെതന്നെ എഴുന്നേൽക്കണം. ആ സമയത്ത് ഏതെങ്കിലുംതരത്തിലുള്ള അത്യാഹിതം സംഭവിച്ചാൽ പ്രാഥമികകാര്യങ്ങൾ നിർവഹിക്കാൻപോലും നേരമുണ്ടാവില്ല.
2017 ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. കൊയിലാണ്ടി സ്പോർട്‌സ് കൗൺസിൽ സ്റ്റേഡിയത്തിന് പിന്നിൽ താത്‌കാലിക കെട്ടിടത്തിലാണ് ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഫയർസ്റ്റേഷൻ യാഥാർഥ്യമാക്കുന്നതിന് വേണ്ടി കൂടുതൽ സൗകര്യങ്ങൾ ഒന്നും ഏർപ്പെടുത്താതെയാണ് സ്റ്റേഷൻ ആരംഭിച്ചത്.ഫയർ സ്റ്റേഷന് വേണ്ടി മണമൽ ഹോമിയോ ആശുപത്രിയ്ക്ക് സമീപം സ്ഥലം കണ്ടെത്തിയെന്ന് പറയുന്നതല്ലാതെ പണിയൊന്നും ആരംഭിച്ചിട്ടില്ല. സ്റ്റേഷന് മുന്നിൽ അപകടകരമായ വിധത്തിൽ ഒരു മരവും ഉണ്ട്. ഇതും അടിയന്തരമായി മുറിച്ചു മാറ്റണം.





