
വടകര : വടകര ഗവ. ജില്ലാ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് വലിയ പ്രതിസന്ധി തീർക്കുന്നതിനിടെ സൂപ്രണ്ട് തസ്തികയും ഒഴിഞ്ഞുകിടക്കുന്നു. രണ്ടുമാസത്തോളമായി സൂപ്രണ്ട് സ്ഥലംമാറിപ്പോയിട്ട്. പകരം നിയമനം ഇതുവരെ നടന്നിട്ടില്ല. തുടക്കത്തിൽ ഇഎൻടി വിഭാഗത്തിലെ ഡോക്ടർക്കായിരുന്നു സൂപ്രണ്ടിന്റെ ചുമതല. ഇദ്ദേഹം മെഡിക്കൽ അവധിയിൽ പോയതോടെ ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർക്കാണ് ചുമതല.
ഇത് ഡോക്ടർമാർക്കും പ്രയാസം തീർക്കുന്നുണ്ട്. ഒപി, ഐപി സേവനങ്ങൾക്ക് പുറമേ ഭരണപരമായകാര്യങ്ങളും നോക്കേണ്ടിവരുമ്പോൾ ഇരട്ടിജോലിഭാരമാണ് ഫലം. ജനറൽ മെഡിസിനിൽ രണ്ട് കൺസൾട്ടന്റ് മാത്രമാണ് നിലവിലുള്ളത്. ഇതിലൊരാൾക്ക് സൂപ്രണ്ടിന്റെ ചുമതലകൂടി ലഭിക്കുമ്പോൾ മെഡിസിൻ വിഭാഗത്തിന്റെ പ്രവർത്തനത്തെ ഇത് ബാധിക്കും. വടകര താലൂക്കിലെ ഏക ജില്ലാ ആശുപത്രിയാണ് വടകരയിലേത്. 1500-ഓളം രോഗികൾവരെ ഒരുദിവസം ഒപിയിൽമാത്രം എത്തുന്നുണ്ട്. 15 വർഷം മുൻപാണ് താലൂക്ക് ആശുപത്രി പദവിയിൽനിന്ന് ഈ ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയർത്തിയത്. എന്നാൽ, അതിനനുസരിച്ച് ഡോക്ടർമാരെ അനുവദിക്കാത്തതുകൊണ്ടുതന്നെ ആശുപത്രി പ്രവർത്തനം പ്രതിസന്ധി നേരിടുന്നുണ്ട്. ഇതിനിടെയാണ് സൂപ്രണ്ടും ഇല്ലാത്തത്. ഭരണപരമായ ഒട്ടേറെ ഉത്തരവാദിത്വങ്ങൾ നിറവേറ്റേണ്ടത് സൂപ്രണ്ടാണ്. പ്രത്യേകിച്ച് ഇവിടെ പിഎംജെവികെ പദ്ധതിയിൽ അനുവദിച്ച 80 കോടി രൂപയുടെ കെട്ടിടനിർമാണം ആരംഭിച്ച ഘട്ടത്തിൽ. പഴയകെട്ടിടങ്ങൾ പൊളിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ആശുപത്രിയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ കെട്ടിടമാണ് വരാൻപോകുന്നത്. ഇതിന്റെ പ്രവൃത്തി തുടങ്ങുന്ന ഘട്ടത്തിൽത്തന്നെ ഇവിടെ സൂപ്രണ്ടില്ല.





