Ernakulam

സപ്തതി കഴിഞ്ഞു, ഇനി ജയസാധ്യതയുള്ള സീറ്റ് നൽകിയാലും വേണ്ട’; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ചെറിയാൻ ഫിലിപ്പ്

Please complete the required fields.




കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരരംഗത്തുണ്ടാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ജയസാധ്യതയുള്ള സീറ്റ് കോൺഗ്രസ് വാഗ്ദാനം ചെയ്തുവെങ്കിലും സപ്തതി കഴിഞ്ഞതിനാൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.

ശാന്തികവാടത്തിലെ വൈദ്യുത ശ്‌മശാനത്തിൽ എരിഞ്ഞടങ്ങുന്നതുവരെയും താൻ അടിയുറച്ച കോൺഗ്രസ് പ്രവർത്തകനായിരിക്കുമെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി. രാഷ്ട്രീയ ചിന്താശേഷിയിലും ഓർമശക്തിയിലും യുവത്വം നിലനിൽക്കുന്നതിനാൽ ഏൽപ്പിക്കുന്ന ഏത് ചുമതലയും ഉത്തരവാദിത്തത്തോടെ നിർവഹിക്കുമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ വരവെയാണ് ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം. നേരത്തെ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ രംഗത്തെത്തിയിരുന്നു. മത്സരിക്കുന്നതിന് അയോഗ്യതയില്ലെന്നും താന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും എം എം ഹസ്സന്‍ വ്യക്തമാക്കിയിരുന്നു.

വി എം സുധീരൻ, കെ സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ നേതാക്കളെ മത്സരിപ്പിക്കാനും കോൺഗ്രസ് പദ്ധതിയിടുന്നുവെന്നാണ് സൂചന. തൃശൂരിൽ വി എം സുധീരൻ, കണ്ണൂരിൽ കെ സുധാകരൻ, നാദാപുരത്തോ പേരാമ്പ്രയിലോ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിങ്ങനെയാണ് സാധ്യതകൾ. എന്നാല്‍ താന്‍ മത്സരിക്കാനില്ലെന്ന് സുധീരന്‍ വ്യക്തമാക്കി. ഇതിന് പുറമെ സിനിമ താരങ്ങൾ അടക്കമുള്ള സർപ്രൈസ് സ്ഥാനാർത്ഥികളെയും പരിഗണിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ച് ജനുവരി മധ്യത്തോടെ സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.

Related Articles

Back to top button