
കോഴിക്കോട് : വീറും വാശിയും നിറഞ്ഞ പ്രചാരണവും പാട്ടും മേളവും കൊട്ടിക്കലാശവും രാഷ്ട്രീയ അടിയൊഴുക്കുമെല്ലാം അവസാനിച്ചു. നാടിന്റെ ഭാവി എന്താവണമെന്ന് ജനം വ്യാഴാഴ്ച വിധിയെഴുതും. മറ്റ് ആറുജില്ലകളിലെ വോട്ടർമാർക്കൊപ്പം കോഴിക്കോടും വ്യാഴാഴ്ച സമ്മതിദാനാവകാശം വിനിയോഗിക്കും. വരാനിരിക്കുന്ന അഞ്ചുവർഷം നാട് ആരുഭരിക്കണമെന്ന് അവർ ബാലറ്റിലൂടെ വിധിനിർണിയിക്കും.
വോട്ടിങ് യന്ത്രങ്ങൾ ഉൾപ്പെടെയുള്ള പോളിങ് സാമഗ്രികളുമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോളിങ് ബൂത്തുകളിൽ ബുധനാഴ്ച വൈകുന്നേരത്തോടെ എത്തിയതോടെ ജില്ലയിലെ 3097 പോളിങ് സ്റ്റേഷനുകൾ വോട്ടെടുപ്പിന് സജ്ജമായി.
രാവിലെ ആറോടെ പോളിങ് പ്രക്രിയക്ക് തുടക്കമാവും. ആറിന് ഹാജരുള്ള സ്ഥാനാർഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ മോക് പോൾ നടത്തും. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ആറുവരെ പോളിങ് സ്റ്റേഷനിലെത്തിയ മുഴുവൻപേർക്കും വോട്ടുചെയ്യാൻ അവസരംനൽകും.ആറിനുശേഷം ക്യൂവിൽ നിൽക്കുന്നവർക്കെല്ലാം പ്രിസൈഡിങ് ഓഫീസർ ഒപ്പിട്ട സ്ലിപ്പ് നൽകും. ഏറ്റവും അവസാനത്തെയാൾക്ക് ഒന്ന് എന്ന ക്രമത്തിലാണ് സ്ലിപ്പ് നൽകുക. വരിയിലുള്ള എല്ലാവരും വോട്ടുചെയ്തുകഴിയുന്നതുവരെ വേട്ടെടുപ്പ് തുടരും.
ജില്ലയിൽ 12,66,375 പുരുഷന്മാരും 14,16,275 സ്ത്രീകളും 32 ട്രാൻസ്‌ജെൻഡർ വ്യക്തികളും ഉൾപ്പെടെ 26,82,682 പേർക്കാണ് വോട്ടവകാശമുള്ളത്. വിവിധതലങ്ങളിലേക്കായി 3002 പുരുഷന്മാരും 3326 സ്ത്രീകളുമുൾപ്പെടെ 6328 സ്ഥാനാർഥികളാണ് ജനവിധിതേടുന്നത്.





