Kozhikode

ടൂറിസ്റ്റ് ബസിൽ എംഡിഎംഎയുമായി എത്തിയ രണ്ടുയുവാക്കൾ പിടിയിൽ

Please complete the required fields.




കോഴിക്കോട് : ടൂറിസ്റ്റ് ബസിൽ ലഹരിവസ്തുക്കൾ കടത്തിയ രണ്ടുയുവാക്കൾ പിടിയിൽ. കല്ലായി കുണ്ടുങ്ങൽ എംസി ഹൗസിൽ എം. സഹദ് (27), തിരുവണ്ണൂർ കോട്ടൺമിൽ റോഡിൽ ഇൻഫാൻസ് ഹൗസിൽ പി.പി. മുഹമ്മദ് ഇർഫാൻ (29) എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ്ചെയ്തത്. തിങ്കളാഴ്ച രാവിലെ 9.40-ന് ബെംഗളൂരുവിൽനിന്ന്‌ എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കടത്തിക്കൊണ്ടുവരുകയായിരുന്നു.

വിപണിയിൽ അരക്കോടിയിലേറെ വില വരുമെന്ന് പോലീസ് പറഞ്ഞു. മൊഫ്യൂസിൽ ബസ്‌സ്റ്റാൻഡിൽ എത്തിയ ഇരുവരെയും ഡാൻസാഫ് സംഘം തടഞ്ഞുവെക്കുകയായിരുന്നു. രണ്ട് കവറുകളിലുമായി 250 ഗ്രാം എംഡിഎംഎ ഇവരിൽനിന്ന് കണ്ടെടുത്തു. ഇതുകൂടാതെ 44 ഗ്രാം ലഹരിഗുളികകളും 99 എൽഎസ്ഡി സ്റ്റാമ്പും വാട്ടർഹീറ്ററിന്റെ ഉള്ളിൽ പാക്ക് ചെയ്ത് കടത്തിക്കൊണ്ടുവരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിടിക്കപ്പെടാതിരിക്കാൻവേണ്ടി വാട്ടർഹീറ്ററിനുള്ളിൽ അത് വിദഗ്ധമായി സ്റ്റിക്കർ ഉപയോഗിച്ച് ടാപ്പ് ചെയ്താണ് കടത്താൻ ശ്രമിച്ചത്. പിടിയിലായ രണ്ടുപേരും മാങ്കാവിലുള്ള ഒരു എജുക്കേഷൻ കൺസൽട്ടൻസി നടത്തിപ്പുകാരാണ്. ഇതിന്റെ മറവിലാണ് ഇടപാടുകൾ.

നർകോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മിഷണർ എ.ജെ. ജോർജിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫും കസബ സബ് ഇൻസ്‌പെക്ടർ സനീഷിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്. ഡാൻസാഫ് എസ്‌ഐ മനോജ് എടയേടത്ത്, എഎസ്‌ഐമാരായ കെ. അഖിലേഷ്, അനീഷ് മൂസാൻ വീട്, എസ്‌സിപിഒ സുനോജ്കാരയിൽ, ലതീഷ്, സരുൺ കുമാർ, ശ്രീശാന്ത്, ഷിനോജ്, അതുൽ, അഭിജിത്ത്, ദിനീഷ്, മഷ്ഹൂർ കസബ എസ്‌ഐ സനീഷ് എസ്‌സിപിഒ ഷിജിത്ത്, വിപിൻ ചന്ദ്രൻ സിപിഒ അബ്ദുറഹ്‌മാൻ, അനൂപ് ഇർഷാദ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Related Articles

Back to top button