
കോഴിക്കോട് : തിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച് നടത്തണമെന്ന് നിർദേശമുണ്ടെങ്കിലും ഈ ചുരുങ്ങിയ കാലത്തുമാത്രം ജില്ലയിൽ 500 ടൺ മാലിന്യമുണ്ടാകുമെന്നാണ് കണക്ക്. അതിൽ കൂടുതലും പ്ലാസ്റ്റിക് ഉത്പന്നങ്ങളാവും. പലതും മൈക്രോ പ്ലാസ്റ്റിക് രൂപത്തിൽ മനുഷ്യശരീരത്തിലെത്തി രോഗങ്ങൾ വരുത്തുമെന്നും കാലക്രമേണ ജീവനുതന്നെ ഭീഷണിയാകുമെന്നും ഓർമ്മിപ്പിക്കുകയാണ് ശുചിത്വമിഷന്റെ നേതൃത്വത്തിലുള്ള ‘മൈക്രോപ്ലാ’ കിങ്കരൻ.
തിരഞ്ഞെടുപ്പുകാലത്ത് അധികമാവുന്ന മാലിന്യപ്രശ്നകളെക്കുറിച്ചും ഹരിതചട്ടപാലനത്തെക്കുറിച്ചും അവബോധമുണ്ടാക്കാനാണ് മൈക്രോപ്ലാ കിങ്കരൻ ജില്ലയിൽ പ്രചാരണത്തിനിറങ്ങിയത്. ജനങ്ങളെ യമപുരിയിലേക്കെത്തിക്കുന്ന കാലന്റെ കിങ്കരനെന്ന രീതിയിലാണ് മൈക്രോപ്ലായെ അവതരിപ്പിച്ചിട്ടുള്ളതെന്ന് ശുചിത്വമിഷൻ അധികൃതർ പറഞ്ഞു.
പ്ലാസ്റ്റിക്കിന്റെ അമിതോപയോഗം മനുഷ്യനും പ്രകൃതിക്കും ഉണ്ടാക്കാനിടയുള്ള പ്രശ്നങ്ങളെക്കുറിച്ച് കിങ്കരൻ സംസാരിക്കും. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന പ്രചാരണപരിപാടി ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലുമെല്ലാം എത്തും. സ്ഥാനാർഥികൾ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ തുടങ്ങി വിവിധ ആളുകളുമായി സംവദിക്കും.





