
കോഴിക്കോട് : മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ആവശ്യങ്ങൾ നടപ്പാക്കാതെ സർക്കാർ അവഗണിക്കുന്നതിനെതിരേ കെജിഎംസിടിഎയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ഒപിയും തിയറി ക്ലാസുകളും ഡോക്ടർമാർ ബഹിഷ്കരിച്ചു. ചികിത്സതേടിയെത്തിയ നൂറുകണക്കിന് രോഗികൾ ഇതുമൂലം വലഞ്ഞു. ഒപി ബഹിഷ്കരണം ഉൾപ്പെടെ നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും അതേക്കുറിച്ച് അറിയാതെയാണ് ആശുപത്രിയിൽ പലരും എത്തിയത്. ഒപിയിൽ പിജി വിദ്യാർഥികളും ഹൗസ് സർജൻസുമാണ് രോഗികളെ പരിശോധിച്ചത്. ഐപി രോഗികളുടെ ചികിത്സയും അടിയന്തരചികിത്സകളും സമരത്തിൽനിന്ന് ഒഴിവാക്കിയിരുന്നു.
പ്രതിഷേധപരിപാടികളുടെ സംസ്ഥാനതല ഉദ്‌ഘാടനം കോഴിക്കോട് മെഡിക്കൽ കോളേജിൽ സംസ്ഥാനപ്രസിഡന്റ് ഡോ. റോസ്നാരാ ബീഗം നിർവഹിച്ചു. ജനറൽ സെക്രട്ടറി ഡോ. സി.എസ്. അരവിന്ദ്, മുൻ ജനറൽ സെക്രട്ടറി ഡോ. ഗോപകുമാർ, യൂണിറ്റ് പ്രസിഡന്റ് ഡോ. അബ്ദുൾ ബാസിത്ത്, സെക്രട്ടറി ഡോ. ടോം വിൽസൺ എന്നിവർ സംസാരിച്ചു. നവംബർ 29-ലെ ഒപി ബഹിഷ്കരണവും തിയറി ക്ലാസ് ബഹിഷ്കരണവും മുൻനിശ്ചയപ്രകാരം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.





