World

ജീവന്റെ തുടിപ്പ് തേടി ശാസ്ത്രലോകം: ഭൂമിക്ക് സമാനമായ 45 ഗ്രഹങ്ങൾ കണ്ടെത്തി

Please complete the required fields.




കോർണൽ: ഭൂമിക്ക് സമാനമായ പ്രത്യേകതകളുള്ള 45 ഗ്രഹങ്ങളെ കണ്ടെത്തിയ വിവരം പുറത്തുവിട്ടുകൊണ്ട് പ്രപഞ്ചത്തിലെ ജീവന്റെ സാന്നിധ്യം തേടിയുള്ള യാത്രയിൽ വലിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ശാസ്ത്രലോകം.

കോർണൽ സർവകലാശാലയിലെ കാൾ സാഗൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ലിസ കാൽറ്റെനെഗറുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് ആയിരക്കണക്കിന് സൗരയൂഥേതര ഗ്രഹങ്ങളെ (Exoplanets) നിരീക്ഷിച്ച ശേഷം ഈ നിർണ്ണായക വിവരം പങ്കുവെച്ചത്.

നിലവിൽ കണ്ടെത്തിയിട്ടുള്ള ആറായിരത്തിലധികം ഗ്രഹങ്ങളിൽ നിന്ന്, ദ്രാവകാവസ്ഥയിൽ ജലം നിലനിൽക്കാൻ സാധ്യതയുള്ള ‘ഹാബിറ്റബിൾ സോൺ’ അഥവാ ജീവാനുകൂല മേഖലയിലുള്ള ഗ്രഹങ്ങളെയാണ് ഗവേഷകർ തരംതിരിച്ചത്.

യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഗയ ദൗത്യത്തിൽ നിന്നും നാസയുടെ ആർക്കൈവുകളിൽ നിന്നുമുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് ഈ കണ്ടെത്തലിലേക്ക് സംഘം എത്തിയത്. ഒരു ഗ്രഹത്തിന് അതിന്റെ നക്ഷത്രത്തിൽ നിന്ന് ലഭിക്കുന്ന ഊർജ്ജത്തിന്റെ അളവ് പരിശോധിച്ചാണ് അവ ജീവനെ പിന്തുണയ്ക്കുമോ എന്ന് വിലയിരുത്തിയത്.ഇത്തരത്തിൽ പരിശോധിച്ചപ്പോൾ 45 ഗ്രഹങ്ങൾ ജീവൻ നിലനിൽക്കാൻ അനുയോജ്യമായ വിപുലമായ മേഖലയിലാണെന്നും, അതിൽ തന്നെ 24 എണ്ണം ജീവന്റെ സാന്നിധ്യത്തിന് ഏറ്റവും സാധ്യതയുള്ള കർശനമായ പരിധിയിലാണെന്നും വ്യക്തമായി.

ഭൂമിയിൽ നിന്ന് ഏകദേശം 40 പ്രകാശവർഷം അകലെയുള്ള ട്രാപ്പിസ്റ്റ്-1 നക്ഷത്രസമൂഹത്തിലെ ഗ്രഹങ്ങളും, ‘സൂപ്പർ എർത്ത്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന TOI-715 b എന്ന ഗ്രഹവുമാണ് ഈ പഠനത്തിൽ പ്രധാനമായും ശ്രദ്ധിക്കപ്പെട്ടത്.ഇവയ്ക്ക് പുറമെ പ്രോക്‌സിമ സെഞ്ച്വറി ബി, LHS 1140 b എന്നീ ഗ്രഹങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ് ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ഈ ഗ്രഹങ്ങളെ കുറിച്ച് കൂടുതൽ പഠിക്കാനാണ് ശാസ്ത്രജ്ഞരുടെ തീരുമാനം.

ഒരു ഗ്രഹം ജീവാനുകൂല മേഖലയിലാണെന്ന് കണ്ടെത്തുന്നതുകൊണ്ട് മാത്രം അവിടെ ജീവൻ ഉണ്ടെന്ന് ഉറപ്പിക്കാനാവില്ലെങ്കിലും, പ്രപഞ്ചത്തിൽ നമ്മൾ തനിച്ചാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം തേടിയുള്ള മനുഷ്യന്റെ അന്വേഷണത്തിന് ഈ കണ്ടെത്തൽ വലിയ കരുത്തുപകരുന്നു.

Related Articles

Back to top button