
കോഴിക്കോട് : ആറുവരി ദേശീയപാത ബൈപ്പാസിന്റെ സർവീസ് റോഡ് മുറിച്ചുകടക്കുകയായിരുന്ന പലഹാരവിതരണക്കാരൻ കണ്ടെയ്നർ ലോറികയറി മരിച്ചു.നഗരത്തിന്റെ വിവിധഭാഗങ്ങളിൽ എണ്ണക്കടികൾ വിതരണം ചെയ്യുന്ന കുരുവട്ടൂർ കുമ്മങ്ങോട്ടുതാഴം ഇയ്യമ്പത്ത് വീട്ടിൽ ഷൗക്കത്ത്(49) ആണ് മരിച്ചത്.
വേങ്ങേരി ജങ്ഷനിൽ മലാപ്പറമ്പ് ഭാഗത്തേക്കുള്ള സർവീസ്റോഡിൽ സീബ്രലൈനിനോട് ചേർന്ന് ബുധനാഴ്ച വൈകീട്ട് 6.40-ഓടെയാണ് അപകടം. ജങ്ഷനിലെ കടയിൽ പലഹാരത്തിന്റെ പണം വാങ്ങാനെത്തി മടങ്ങുകയായിരുന്നു ഷൗക്കത്ത്. പാലത്തിന്റെ കൈവരിയോടുചേർന്ന് കാർ നിർത്തിപ്പോയ ഷൗക്കത്ത് തിരിച്ച് കാറിനടുത്തേക്ക് വരുന്നതിനിടെയാണ് ലോറിയിടിച്ചത്. ചക്രത്തിനടിയിൽപ്പെട്ട് അല്പദൂരം ലോറി വലിച്ചുകൊണ്ടുപോയതായി ദൃക്സാക്ഷികൾ പറഞ്ഞു. മേൽപ്പാലത്തിൽ നിർത്തിയിട്ട കാറിന്റെ പിൻസീറ്റിൽ വിൽപ്പനനടത്തിയതിന്റെ ബാക്കി പലഹാരങ്ങൾ ഉണ്ടായിരുന്നു. കാക്കൂരിൽ ചരക്കിറക്കി ബാലുശ്ശേരി റോഡിലൂടെ വേങ്ങേരി ജങ്ഷനിലേക്ക് എത്തിയ കണ്ടെയ്നർ ലോറി ഇടതുവശത്തുള്ള സർവീസ്റോഡിലേക്ക് തിരിഞ്ഞയുടനെയാണ് അപകടമുണ്ടായതെന്ന് ചേവായൂർ എസ്ഐ ജി. സന്തോഷ് പറഞ്ഞു. മേൽപ്പാലത്തിന്റെ നടപ്പാതയിൽനിന്നിരുന്ന ചിലർ ബഹളം വെച്ചപ്പോൾ മാത്രമാണ് ലോറിഡ്രൈവർ അപകടത്തെക്കുറിച്ചറിഞ്ഞ് വാഹനം നിർത്തിയത്. കൂടുതൽ വ്യക്തത ലഭിക്കാൻ സ്ഥലത്തെ ക്യാമറകൾ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ്: മൊയ്തീൻകോയ. മാതാവ്: ആയിഷബി. ഭാര്യ: ഹാജറ. മക്കൾ: ദിൽഷ (എംബിബിഎസ് വിദ്യാർഥിനി ഇടുക്കി മെഡിക്കൽ കോളേജ്), റിൻഷ (പ്രൊഫൈൽ അസോസിയേറ്റ്സ്, മാളിക്കടവ്). മരുമകൻ: മുർഷിദ് (മഞ്ചേരി). സഹോദരങ്ങൾ: അസ്മാബി, ഫാസിയ. പോസ്റ്റ്മോർട്ടത്തിനുശേഷം വ്യാഴാഴ്ച മയ്യിത്ത് സംസ്കരിക്കും.





