Kasargod

സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനം സമാപിച്ചു

Please complete the required fields.




വിവാദങ്ങൾക്കൊടുവിൽ സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനം സമാപിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിൽ നടപടിക്രമങ്ങളെല്ലാം വേഗത്തിൽ പൂർത്തീകരിച്ചാണ് സമ്മേളനം അവസാനിപ്പിച്ചത്. രാത്രി ഏറെ വൈകി സമാപിച്ച സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയായി എം.വി ബാലകൃഷ്ണൻ മാസ്റ്ററെ വീണ്ടും തെരഞ്ഞെടുത്തു.

ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ആരംഭിച്ച ജില്ലാ സമ്മേളനം ആദ്യഘട്ടം മുതൽ വിവാദത്തിലായിരുന്നു. ജില്ലയിൽ പൊതുപരിപാടികൾക്ക് ഏർപ്പെടുത്തിയ വിലക്ക് കളക്ടർ പിൻവലിച്ചത്തോടെ വിവാദം കൂടുതൽ മുറുകി. സമ്മേളനം പുരോഗമിക്കുന്നതിനിടെ പുറത്തുവന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവാണ് സിപിഐമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കിയത്. എന്നാൽ കോടതി പരാമർശം സമ്മേളനത്തെ ബാധിച്ചിട്ടില്ലെന്നാണ് സിപിഐഎം നിലപാട്.

പാർട്ടി സമ്മേളന ചരിത്രത്തിലില്ലാത്ത വിധം പൊതുചർച്ച വെട്ടിച്ചുരുക്കിയാണ് സമ്മേളന നടപടിക്രമങ്ങളെല്ലാം അതിവേഗത്തിൽ പൂർത്തീകരിച്ചത്. വിവാദ പശ്ചാത്തലത്തിൽ വ്യക്തിപരമായ കാരണത്താൽ എന്ന വിശദീകരണത്തോടെ ജില്ലാ കളക്ടർ അവധിയിൽ പ്രവേശിച്ചത് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കും. ഡിഎമിനാണ് പകരം ചുമതല. ഏഴ് പുതുമുഖങ്ങളും മൂന്ന് വനിതകളും ഉൾപ്പടെയുള്ള പുതിയ ജില്ലാ കമ്മിറ്റിയെ നിലവിലെ സെക്രട്ടറി എം.വി ബാലകൃഷ്ണൻ മാസ്റ്റർ തന്നെ ഒരിക്കൽകൂടി നയിക്കും.

50 പേരിലധികം പങ്കെടുക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾക്ക് ഹൈക്കോടതി വിലക്കേർപ്പെടുത്തി. രാഷ്ട്രീയ പാർട്ടികൾക്ക് എന്താണ് പ്രത്യേകതയെന്ന് കോടതി ചോദിച്ചു. കൊവിഡ് മാനദണ്ഡം യുക്തിസഹമാണോ എന്ന് ചോദിച്ച കോടതി 50ലധികം പേര്‍ പങ്കെടുക്കുന്ന പരിപാടികള്‍ വിലക്കി. കൊവിഡ് പ്രതിരോധത്തിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെതിരെ തിരുവനന്തപുരം സ്വദേശിയായ വ്യക്തി നല്‍കിയ പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. കാസര്‍കോഡ് ജില്ലയില്‍ സിപിഐഎം സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളില്‍ കളക്ടര്‍ ഇളവ് നല്‍കിയതെന്നായിരുന്നു പ്രധാന ആരോപണം. ഹര്‍ജി പരിഗണിച്ചശേഷം ജില്ലയില്‍ 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പരിപാടികള്‍ വിലക്കി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button