കോഴിക്കോട് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ്: കല്ലായിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സംവിധായകന്‍ വി എം വിനു; കോഴിക്കോടിനായി നല്ലത് ചെയ്യാന്‍ ഇതൊരു നിയോഗമെന്ന് വിനു

കോഴിക്കോട് : കോഴിക്കോട് കോര്‍പറേഷനിലേക്ക് 15 സ്ഥാനാര്‍ഥികളെക്കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. സംവിധായകന്‍ വി എം വിനു കല്ലായിയില്‍ സ്ഥാനാര്‍ഥിയാകും. സ്ഥാനാര്‍ഥിയായത് തനിക്കും സര്‍പ്രൈസാണെന്നും സത്യസന്ധമായ ഭരണം കാഴ്ചവയ്ക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും വി എം വിനു പറഞ്ഞു. വി എം വിനു മേയര്‍ സ്ഥാനാര്‍ഥിയെന്നാണ് വിവരം.
കോഴിക്കോട് കോര്‍പറേനിലേക്ക് മത്സരിക്കാന്‍ വി എം വിനുവിനെ കോണ്‍ഗ്രസ് പരിഗണിക്കുന്നു എന്ന വാര്‍ത്ത തദ്ദേശ തിരഞ്ഞെടുപ്പിലെ സര്‍പ്രൈസുകളിലൊന്നായിരുന്നു. തന്റെ സിനിമകള്‍ക്ക് പശ്ചാത്തലമായ, താനേറെ സ്‌നേഹിക്കുന്ന കോഴിക്കോടിനായി നല്ലത് ചെയ്യാന്‍ ഇതൊരു നിയോഗമായി കാണുന്നുവെന്ന് വി എം വിനു പറഞ്ഞു. സിനിമയാണ് തനിക്ക് അറിയുന്ന മേഖലയെങ്കിലും കോഴിക്കോടിനേയും ജനങ്ങളേയും തനിക്ക് നന്നായി അറിയാം. ലോകത്തില്‍ പലയിടത്തും സഞ്ചരിച്ചിട്ടുണ്ടെങ്കിലും കോഴിക്കോടാണ് ഏറ്റവും പ്രിയപ്പെട്ടത്. കോഴിക്കോടിനായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം നല്ല രീതിയില്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണ് കരുതുന്നതെന്നും വി എം വിനു പറഞ്ഞു.
കോഴിക്കോട് എന്താണ് വികസന മുരടിപ്പെന്ന് എപ്പോഴും താന്‍ ആലോചിക്കാറുണ്ടെന്ന് വിനു പറയുന്നു. കോഴിക്കോടിനെക്കുറിച്ച് തനിക്ക് ചില ഭാവനകളുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സമീപിക്കുകയും കൂടി ചെയ്തപ്പോള്‍ കോഴിക്കോടിനായി ഒരു കൈ നോക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. കല്ലായിപ്പുഴയുടെ സൗന്ദര്യം നശിക്കുന്നതില്‍ താന്‍ വളരെ ദുഃഖിച്ചിരുന്നു. കല്ലായിയില്‍ നിന്ന് സ്ഥാനാര്‍ഥിയായതില്‍ സന്തോഷമുണ്ടെന്നും വിനു പറഞ്ഞു. ബാലേട്ടന്‍, ബസ് കണ്ടക്ടര്‍, പെണ്‍പട്ടണം, മകന്റെ അച്ഛന്‍ മുതലായവയാണ് വിനുവിന്റെ ചിത്രങ്ങള്‍.





