തദ്ദേശ തിരഞ്ഞെടുപ്പ്, സ്ഥാനാർഥിനിർണയത്തിന് മുൻപേ ബിജെപിയിൽ പൊട്ടിത്തെറി; നേമം ഏരിയാ പ്രസിഡന്റ് രാജിവച്ചു

തദ്ദേശ തെരഞ്ഞെടുപ്പ്, നേമത്ത് ബിജെപിയിൽ തർക്കം. ഏരിയ പ്രസിഡൻറ് രാജിവച്ചു. കഴിഞ്ഞതവണ പൊന്നുമംഗലം വാര്‍ഡില്‍ നിന്ന് വിജയിച്ച എം ആര്‍ ഗോപനെ ഇത്തവണ നേമത്ത് പരിഗണിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് രാജി. നഗരസഭാ തെരഞ്ഞെടുപ്പില്‍ നേമം വാര്‍ഡിലുള്ള ഒരാള്‍ തന്നെ മത്സരിക്കണമെന്ന പ്രവര്‍ത്തകരുടെ ആവശ്യം അറിയിച്ചിട്ടും യാതൊരുവിധ അറിയിപ്പും കിട്ടിയിട്ടില്ലെന്ന് ജയകുമാര്‍ ബിജെപി നേമം മണ്ഡലം പ്രസിഡന്റ് രാജേഷിനും ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനും അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.നേമം വാര്‍ഡിലെ ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും കാണിച്ച ചതി ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല. തന്റെ സ്വാര്‍ത്ഥതയ്ക്കുവേണ്ടി എത്ര മുതിര്‍ന്ന നേതാവിനെയും ഒറ്റികൊടുക്കാനും തോല്‍പ്പിക്കാനും മനസ്സുള്ള ഒരാളെ നേമം വാര്‍ഡില്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കി അയാളുടെ മുന്നില്‍ മുട്ടുമടക്കിയ പ്രസ്ഥാനത്തില്‍ ഇനി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ആദര്‍ശം ബലികഴിക്കുന്നതിന് തുല്യമാണ്. അതുകൊണ്ട് ബിജെപി നേമം ഏരിയ പ്രസിഡന്റ് എന്ന പദവി രാജിവെക്കുന്നുവെന്നും ജയകുമാര്‍ കത്തില്‍ പറയുന്നു.
2020 നഗരസഭാ തെരഞ്ഞെടുപ്പില്‍ യാതൊരാവശ്യവുമില്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇടപെടുകയും, നേമത്ത് പാര്‍ട്ടിയൊന്നുമില്ല തന്റെ കഴിവുകൊണ്ടാണ് വിജയിച്ചത് എന്ന് വാദിക്കുകയും ഇപ്പോഴത്തെ കൗണ്‍സിലറായ ദീപികയ്ക്ക് സീറ്റ് കൊടുക്കാന്‍ പാടില്ലെന്ന് വാദിച്ച് വാര്‍ഡില്‍ അരാജകത്വം സൃഷ്ടിക്കാനും നോക്കി. ആര് നിന്നാലും തോല്‍ക്കും വലിയ മത്സരത്തിന്റെ ആവശ്യമില്ല എന്ന് പറയുകയും ദീപിക മത്സരിച്ചപ്പോള്‍ തോല്‍പ്പിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്തു. എന്നിട്ടും ദീപിക വിജയിച്ചുവെന്നും രാജിക്കത്തില്‍ ജയകുമാര്‍ വിമര്‍ശിച്ചു.ആ വൈരാഗ്യത്തില്‍ അതേമാസം തന്നെ ഏരിയാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി. യാതൊരു ചുമതലയും കൊടുക്കരുതെന്ന് ജില്ലാ കമ്മിറ്റിയോട് പറയകയും 4 വര്‍ഷക്കാലം മാറ്റി നിര്‍ത്തുകയും ചെയ്തു. സംഘടനാ പ്രവര്‍ത്തനം നടക്കുന്നില്ല എന്ന് മനസ്സിലാക്കി നേമം മണ്ഡലം കമ്മിറ്റി വീണ്ടും തന്നെ സമീപിക്കുകയും പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും നേമം ഏരിയാ പ്രസിഡന്റ് എന്ന സ്ഥാനത്ത് ഏറ്റെടുക്കുകയായിരുന്നുവെന്നും കത്തില്‍ പറയുന്നു.



