
ന്യൂഡൽഹി: വിമാനയാത്രക്കാർക്ക് ആശ്വാസമാകുന്ന നിയമനിർമാണത്തിനൊരുങ്ങി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ടിക്കറ്റ് ബുക്കിങ്ങിലടക്കം നിർണായക മാറ്റംവരുന്ന നിയമ നിർമാണത്തിനാണ് ഡിജിസിഎ തയ്യാറെടുക്കുന്നത്. നിയമത്തിന്റെ കരട് തയ്യാറായി.ടിക്കറ്റ് ബുക്ക് ചെയ്തതിനുശേഷം 48 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റദ്ദാക്കുകയോ റിഷെഡ്യൂൾ ചെയ്യുകയോ ആണെങ്കിൽ പണം നഷ്ടമാവില്ല. ഈ സമയപരിധിക്കുള്ളിൽ ടിക്കറ്റ് റദ്ദാക്കിയാൽ മുഴുവൻ തുകയും തിരികെ നൽകണം. കൂടാതെ സമയക്രമീകരണങ്ങളിൽ ഭേദഗതിവരുത്താനും സാധിക്കും. 48 മണിക്കൂറിനുശേഷം ഈ മാറ്റങ്ങൾ ബാധകമല്ല.അതേസമയം, എയർലൈൻ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക്ചെയ്യുന്ന തീയതി മുതൽ, ആഭ്യന്തരയാത്ര അഞ്ചുദിവസത്തിൽ കുറവും, രാജ്യാന്തരയാത്ര 15 ദിവസത്തിൽ കുറവുമാണെങ്കിൽ ഈ മാറ്റങ്ങൾ ബാധകമല്ലെന്നും ഡിജിസിഎ അറിയിച്ചു.തുക റീഫണ്ട് ചെയ്യുന്നതിന്റെ ഉത്തരവാദിത്വം അതത് എയർലൈനുകൾക്കായിരിക്കും. 21 പ്രവൃത്തിദിവസത്തിനുള്ളിൽ റീഫണ്ട് തുക യാത്രക്കാർക്ക് ലഭിച്ചോയെന്ന് വിമാനക്കമ്പനികൾ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.





