Kozhikode

വോട്ടർപട്ടികയിലെ ക്രമക്കേട്: കൊടുവള്ളി നഗരസഭാ ഓഫീസിൽ പ്രതിഷേധം

Please complete the required fields.




കൊടുവള്ളി : കൊടുവള്ളി നഗരസഭയിലെ അന്തിമ വോട്ടർപട്ടികയിൽനിന്ന്‌ പുറത്തായവർ വ്യാഴാഴ്ചയും നഗരസഭാ ഓഫീസിലെത്തി പ്രതിഷേധിച്ചു. പ്രതിഷേധം വൈകീട്ടുവരെ തുടർന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിലും നഗരസഭാ ഓഫീസിൽ ഇതുസംബന്ധിച്ച് പ്രതിഷേധവും ബഹളവുമായിരുന്നു. വോട്ടർപട്ടികയിൽനിന്ന്‌ പുറത്തായവർ വോട്ട് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് പരാതിനൽകിയിരുന്നു. എന്നാൽ, സെക്രട്ടറി ഓഫീസിലെത്താത്തതിനാൽ നഗരസഭാ സൂപ്രണ്ട് വ്യാഴാഴ്ച വൈകീട്ട് മൂന്നിനകം അന്വേഷണം നടത്തി മറുപടിനൽകാമെന്നായിരുന്നു പറഞ്ഞിരുന്നത്. ഈ മറുപടിക്കായി ഓഫീസിലെത്തിയവർക്ക് നിരാശയായിരുന്നു ഫലം. ഓഫീസിലെത്തിയവരോട് സൂപ്രണ്ട് പറഞ്ഞത് നിങ്ങൾ നൽകിയ പരാതികൾ ഉൾപ്പെടെയുള്ള റിപ്പോർട്ടും ആക്ഷേപങ്ങളും സെക്രട്ടറിയുടെ കൈവശമായതിനാൽ നഗരസഭ ഓഫീസിലില്ലെന്നും, ആവശ്യപ്പെട്ട രേഖകൾ നിലവിൽ അനുവദിക്കാൻ സാധിക്കുകയില്ലെന്നുമായിരുന്നു. ഇത് പ്രതിഷേധക്കാരെ കൂടുതൽ പ്രകോപിതരാക്കി. വൈകീട്ട് അഞ്ചരയോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.

വോട്ടർപ്പട്ടികയിൽനിന്ന് പുറത്തായ നഗരസഭയിലെ മുന്നൂറോളം ആളുകൾ കോഴിക്കോട് കളക്ടറേറ്റിലെത്തി പ്രതിഷേധിച്ചിരുന്നു. തുടർന്ന് കളക്ടർക്ക് പരാതിയും നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നുദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട്‌ നൽകാൻ കളക്ടർ ഉത്തരവിട്ടിരുന്നു. ഈ സമയപരിധി വെള്ളിയാഴ്ച വൈകീട്ട് മൂന്നുവരെയാണ്. വ്യാഴാഴ്ച രാവിലെമുതൽ പ്രതിഷേധം ഭയന്ന് നഗരസഭയിൽ ശക്തമായ പോലീസ് സാന്നിധ്യമുണ്ടായിരുന്നു.

Related Articles

Back to top button