
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. യൂത്ത് കോൺഗ്രസ്, യുവമോർച്ചാ പ്രവർത്തകർ സംസ്ഥാന വ്യാപകമായി സെക്രട്ടേറിയറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും മാർച്ച് നടത്തി. കോഴിക്കോട് രണ്ട് പൊലീസുകാർക്കും തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനും പരിക്കേറ്റു. കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞു വീണു. സെക്രട്ടേറിയറ്റിൽ പ്രതിഷേധം പരിധി കടന്നതോടെ പൊലീസ് ലാത്തി വീശി. പലയിടത്തും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പരിസരം ഇന്നുരാവിലെ മുതൽ യുദ്ധസമാനമായിരുന്നു. ആദ്യം യുവമോർച്ചാ പ്രവർത്തകരും പിന്നീട് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തി. എം.എം.ഹസ്സൻ മാർച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് ശേഷമാണ് പ്രവർത്തകർ പൊലീസുമായി ഉന്തും തള്ളും തുടങ്ങിയത്. ബാരികേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോകാതെ വാക്കുതർക്കത്തിലേർപ്പെട്ട പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. സമീപത്തെ കടകളിലേക്ക് ഓടിക്കയറിയ പ്രവർത്തകരെ പൊലീസ് പിന്തുടർന്ന് മർദ്ദിച്ചുവെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പരിക്കേറ്റ സുഹൈൽ ഷാജി എന്ന പ്രവർത്തകനെ ആശുപത്രിയിലേക്ക് മാറ്റി.
മഹിളാ കോൺഗ്രസ് പ്രവർത്തകരും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് പ്രതിഷേധവുമായെത്തി. ബിരിയാണി ചെമ്പുമായെത്തി ബിരിയാണി വിളമ്പിയായിരുന്നു മഹിളാ കോൺഗ്രസിന്റെ പ്രതിഷേധം.





