India

കോലിക്കരുത്തില്‍ ബെംഗളൂരു; റണ്‍മല കയറാനാവാതെ കീഴടങ്ങി പഞ്ചാബ്, പ്ലേഓഫ് കാണാതെ പുറത്ത്‌

Please complete the required fields.




ധരംശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിജയവഴി തുടര്‍ന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. വിരാട് കോലിയുടെയും രജത് പാട്ടിദറിന്റെയും തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തില്‍ ബെംഗളൂരു, പഞ്ചാബ് കിങ്‌സിനെതിരേ 60 റണ്‍സിന്റെ ആധികാരിക ജയം നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ പഞ്ചാബ് 17 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 181 റണ്‍സിന് എല്ലാവരും പുറത്തായി. തോല്‍വിയോടെ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായി.

ഓപ്പണര്‍ വിരാട് കോലിയുടെയും (47 പന്തില്‍ 92) രജത് പാട്ടിദറിന്റെയും (23 പന്തില്‍ 55) ഇന്നിങ്സ് മികവാണ് ബെംഗളൂരു സ്‌കോര്‍ ഉയര്‍ത്തിയത്. അവസാന ഓവറുകളില്‍ കാമറോണ്‍ ഗ്രീനും (27 പന്തില്‍ 46) ദിനേഷ് കാര്‍ത്തിക്കും (ഏഴ് പന്തില്‍ 12) ടീം സ്‌കോര്‍ മുന്നോട്ടുനയിച്ചു. ബൗളിങ്ങില്‍ മുഹമ്മദ് സിറാജും (മൂന്ന് വിക്കറ്റ്), സ്വപ്‌നില്‍ സിങ്ങും ലോക്കി ഫെര്‍ഗൂസനും കരണ്‍ ശര്‍മയും (രണ്ട് വീതം വിക്കറ്റുകള്‍) തിളങ്ങി. അതേസമയം മൂന്നുപേരെ പുറത്താക്കി സീസണില്‍ മൊത്തം 20 വിക്കറ്റുകളുമായി പഞ്ചാബിന്റെ ഹര്‍ഷല്‍ പട്ടേല്‍ ഓറഞ്ച് ക്യാപ്പിനര്‍ഹനായി. 18 വിക്കറ്റുകളുമായി ഒന്നാമത് തുടര്‍ന്ന ബുംറയെയാണ് മറികടന്നത്.

ബെംഗളൂരുവിന്റെ ഇന്നിങ്‌സ് പത്ത് ഓവര്‍ പിന്നിട്ടപ്പോള്‍ മഴയെത്തി നിര്‍ത്തിവെച്ചെങ്കിലും അല്‍പ്പസമയം കഴിഞ്ഞ് മത്സരം പുനരാരംഭിച്ചു. ആറ് സിക്സും ഏഴ് ബൗണ്ടറിയും ചേര്‍ന്നതാണ് വിരാട് കോലിയുടെ ഇന്നിങ്സെങ്കില്‍, അത്രതന്നെ സിക്സും മൂന്ന് ഫോറും ചേര്‍ത്താണ് പാട്ടിദര്‍ അര്‍ധ സെഞ്ചുറി കുറിച്ചത്. പതിയെത്തുടങ്ങി പ്രഹരശേഷി വര്‍ധിപ്പിക്കുന്ന പതിവുശൈലിയാണ് കോലി ഇന്നും പുറത്തെടുത്തത്. വ്യാഴാഴ്ചത്തെ ഇന്നിങ്സോടെ ഐ.പി.എലില്‍ മൂന്ന് ടീമുകള്‍ക്കെതിരേ 1,000 റണ്‍സ് നേടുന്ന ആദ്യ താരമായി കോലി മാറി. പഞ്ചാബ്, ഡല്‍ഹി, ചെന്നൈ ടീമുകള്‍ക്കെതിരെയാണ് കോലി ആയിരം റണ്‍സ് നേട്ടം.
പവര്‍ പ്ലെയില്‍ 56 റണ്‍സ് മാത്രം നേടിയ ബെംഗളൂരു തുടര്‍ന്നുള്ള നാലോവറില്‍ 63 റണ്‍സ് നേടി. പത്തോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സില്‍ നില്‍ക്കേ മഴയെത്തി. അര്‍ഷ്ദീപ് സിങ്ങിന്റെ 18-ാം ഓവറിലാണ് വിരാട് കോലി വീണത്. പഞ്ചാബിനായി ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്‍ 38 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. വിധ്വത് കവെരപ്പയ്ക്ക് രണ്ടും അര്‍ഷ്ദീപ്, സാം കറന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുമാണുള്ളത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി റിലീ റൊസ്സോ (27 പന്തില്‍ 61) മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഇടവേളകളില്‍ വിക്കറ്റ് വീണത് വിനയായി. ആദ്യ ഓവറില്‍ത്തന്നെ പ്രഭ്‌സിമ്രാന്‍ സിങ് പുറത്തായി. പവര്‍ പ്ലേയ്ക്കുള്ളില്‍ ജോണി ബെയര്‍സ്‌റ്റോയും മടങ്ങി. പക്ഷേ, അപ്പോഴും ടീം സ്‌കോര്‍ ഉയര്‍ന്നുനിന്നു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സാണ് പവര്‍പ്ലേ സ്‌കോര്‍. പത്തോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ്. ഇതിനിടെ 21 പന്തില്‍ റൊസ്സോ അര്‍ധ സെഞ്ചുറി കുറിച്ചു. മൂന്ന് സിക്‌സും ഒന്‍പത് ഫോറും ചേര്‍ന്നതാണ് റൊസ്സോയുടെ 61 റണ്‍സ്. 15 ഓവറില്‍ 164 റണ്‍സ് നേടിയെങ്കിലും ഏഴ് വിക്കറ്റുകള്‍ വീണിരുന്നു. 17-ാം ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീണതോടെ പഞ്ചാബ് 181-ന് പുറത്തായി. ശശാങ്ക് സിങ് (19 പന്തില്‍ 37), ബെയര്‍ സ്റ്റോ (27), സാം കറന്‍ (22) എന്നിവരും പഞ്ചാബിനായി രണ്ടക്കം കുറിച്ചു. നാലോവറില്‍ 43 റണ്‍സ് വഴങ്ങിയാണ് സിറാജിന്റെ മൂന്ന് വിക്കറ്റ് നേട്ടം.

Related Articles

Back to top button