വി.അബ്ദുറഹ്മാനെ ഓര്‍മിപ്പിക്കട്ടെ; സ്‌പോര്‍ട്‌സ് മന്ത്രിമാര്‍ക്ക് വേണ്ടത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്

ലോക സ്‌കൂള്‍സ് അത്‌ലറ്റിക്‌സില്‍ മെഡല്‍ നേടിയ ആദ്യ മലയാളിയാണ് ബിനിഷ് കെ. ഷാജി. 2009ല്‍ 200 മീറ്ററില്‍ വെള്ളി നേടിയ ബിനീഷിന് മൂന്നു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡ് സമ്മാനിച്ചുകൊണ്ട് അന്നത്തെ സ്‌പോര്‍ട്‌സ് മന്ത്രി എം. വിജയകുമാര്‍ പറഞ്ഞു. ‘ അടുത്ത ഒളിംപിക്‌സില്‍ സ്വര്‍ണമാണ് ബിനീഷില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്’.തൊട്ടടുത്തൊരു ദിവസം എറണാകുളം വൈ.എം.സി.എയില്‍ നടന്ന സ്‌പോര്‍ട്‌സ് സെമിനാറില്‍ ഞാന്‍ പറഞ്ഞു. ‘2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ഉസൈന്‍ ബോള്‍ട്ടിനെയും ടൈസന്‍ ഗേയെയും അസഫ പവലിനെയും തോല്‍പിച്ച് ബിനീഷ് സ്വര്‍ണം നേടണമെന്നാണ് നമ്മുടെ സ്‌പോര്‍ട്‌സ് മന്ത്രി പറഞ്ഞത്’. ഞാന്‍ വിമര്‍ശിച്ചത് മന്ത്രി അന്നുതന്നെ അറിഞ്ഞു. പിന്നീട് കണ്ടപ്പോള്‍ എം.വിജയകുമര്‍ ചിരിച്ചു കൊണ്ടു പറഞ്ഞു. ‘ ഒളിംപിക്‌സ് സ്വര്‍ണം നേടണമെന്നു പറഞ്ഞാലേ ഇവരൊക്കെ ഇന്ത്യന്‍ ടീമിലെങ്കിലും എത്തുകയുള്ളൂ.അത്രയേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ’.
കുറച്ചുകൂടി പിന്നോട്ടു പോകാം. ഹിരോഷിമ ഏഷ്യന്‍ ഗെയിംസില്‍ കേന്ദ്ര സംഘത്തോടൊപ്പമാണ് നമ്മുടെ സ്‌പോര്‍ട്‌സ് മന്ത്രി പന്തളം സുധാകരന്‍ എത്തിയത്. കൂടെയുള്ളത് ഹോക്കി ഒളിംപ്യന്‍ അസ്ലം ഷെര്‍ഖാനും കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി മുകുള്‍ വാസ്‌നിക്കുമൊക്കെ. ഇവരോടൊപ്പം പന്തളവും ഹോക്കി കാണാനെത്തി. പന്ത് ഗോള്‍ പോസ്റ്റില്‍ കയറിയപ്പോള്‍ പന്തളം ആവേശത്തില്‍ എഴുന്നേറ്റു. മറ്റു രണ്ടുപേര്‍ക്കും കുലുക്കമില്ല. ഇടവേളയില്‍ കണ്ടപ്പോള്‍ പന്തളം സുധാകരനോട് ഞാന്‍ കാര്യം പറഞ്ഞു. അടുത്ത ദിവസം കബഡി കാണാന്‍ ചെന്നപ്പോള്‍ പന്തളം ഷെര്‍ഖാനും മുകുളിനും കബഡിയെക്കുറിച്ച് ക്ലാസ് എടുക്കുകയാണ്. ഇക്കാര്യം അറിഞ്ഞ് പന്തളം കബഡിക്ക് റഫറിയായി നില്‍ക്കുന്ന കാര്‍ട്ടൂണ്‍ യേശുദാസന്‍ വരച്ചു. പന്തളത്തിന്റെ മറുപടി. ‘എങ്കില്‍ പിന്നെ, ഞാന്‍ കോട്ടിട്ട് വിസില്‍ അടിക്കുന്ന കാര്‍ട്ടൂണ്‍ വരയ്ക്കാമായിരുന്നു. ഒന്നുമല്ലെങ്കില്‍ കുറച്ചു ദിവസമായിട്ട് ഞാന്‍ ഈ കോട്ടും ചുമന്നുകൊണ്ടു നടക്കുകയല്ലേ?.’
ഇനി നമ്മുടെ ഇപ്പോഴത്തെ സ്‌പോര്‍ട്‌സ് മന്ത്രി വി.അബ്ദുറഹ്മാനിലേക്ക് വന്നാലോ?
മെസിയുടെയും അര്‍ജന്റീനയുടെയും കാര്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം ക്ഷുഭിതനായി. മൈക്കും ക്യാമറയും തട്ടിമാറ്റിയത്രെ. അല്ല, താങ്കള്‍ തന്നെയല്ലേ മെസിയും അര്‍ജന്റീനയും വരുമെന്നും വരില്ലെന്നുമൊക്കെ മാറി മാറി പറയുന്നത്. മന്ത്രി അബ്ദുറഹ്മാന്‍ അഴിമതികാട്ടുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അറിഞ്ഞിടത്തോളം വലിയ ധനികനാണ്. ഞാന്‍ അദ്ദേഹത്തെ പല കാര്യങ്ങളില്‍ വിമര്‍ശിച്ചിട്ടുണ്ട്. ഒരിക്കല്‍ പണമുള്ളവര്‍ ക്രിക്കറ്റ് കണ്ടാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞതിനെതിരെ ഞാനിട്ട ഫേസ്ബുക്ക് കുറിപ്പ് ടിവി ചാനലുകള്‍ പ്രഭാതവാര്‍ത്തയ്ക്കൊപ്പം ചൂണ്ടിക്കാട്ടിയതാണ്. പക്ഷേ, നേരിട്ടു കണ്ടപ്പോഴൊക്കെ തികഞ്ഞ സൗഹൃദത്തിലാണ് പെരുമാറിയത്. അദ്ദേഹത്തിന്റെ സ്റ്റാഫും ബന്ധപ്പെടാറുണ്ട്. പക്ഷേ, ഇപ്പോള്‍ എന്തുപറ്റി? സ്‌പോര്‍ട്‌സ് മന്ത്രി സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് മറക്കുന്നു.
മന്ത്രിയെ ആരൊക്കെയോ തെറ്റിധരിപ്പിക്കുന്നു. ടോക്കിയോ ഒളിംപിക്‌സില്‍ കോവിഡ് മൂലം കാണികളെ മുഴുവന്‍ ഒഴിവാക്കിയത് അറിയാതെ അദ്ദേഹവും സംഘവും ടോക്കിയോയ്ക്കു പോകാന്‍ ഒരുങ്ങി. സര്‍ക്കാരില്‍ നിന്ന് അനുമതിയും വാങ്ങി. പ്രസ്സ് അക്രഡിറ്റേഷനും മീഡിയ ഹോട്ടലില്‍ താമസവും കിട്ടിയിട്ടും എനിക്ക് സംഘാടകര്‍ തന്ന നിര്‍ദേശം വായിച്ചാല്‍ ഞെട്ടുമായിരുന്നു. അതിലൊന്ന് ടോക്കിയോയില്‍ എത്തി 14 ദിവസം മീഡിയ ബസില്‍ ഒഴികെ മറ്റൊന്നിലും കയറരുതെന്നായിരുന്നു. മീഡിയ ബസില്‍ തന്നെ അവര്‍ പറഞ്ഞ സ്റ്റോപ്പില്‍ നിന്നു മാത്രം കയറണം. മന്ത്രി യാത്ര ഒഴിവാക്കി. എന്നിട്ട് ടോക്കിയോ 2020 എന്നതു തിരുത്തി 2021 ആക്കി പലര്‍ക്കും ആശംസ അയച്ചു. ഒളിംപിക്‌സ് 2020ല്‍ നിന്ന് 2021ലേക്കു മാറ്റിയപ്പോള്‍ ഐ.ഒ.സിയും സംഘാടക സമിതിയും ഒപ്പിട്ട കരാറില്‍ ഒന്ന് ടോക്കിയോ 2020 നിലനിര്‍ത്തും എന്നായിരുന്നു. ആരൊക്കെയോ പറയുന്നത് മന്ത്രി വിശ്വസിക്കുന്നു എന്നു വേണം കരുതുവാന്‍. അര്‍ജന്റീനയുടെ ടീമിനെ കൊണ്ടുവരുന്ന കാര്യത്തില്‍ സ്വര്‍ണം – വെള്ളി കച്ചവടക്കാര്‍ പിന്‍വാങ്ങിയപ്പോള്‍ പകരമെത്തിയ സ്‌പോണ്‍സര്‍ പറഞ്ഞത് മന്ത്രി വിശ്വസിച്ചിരിക്കണം. ഫിഫയുടെ അനുമതിയല്ലേ ആദ്യം വാങ്ങേണ്ടത്?
1955 ഫെബ്രുവരിയില്‍ റഷ്യന്‍ ഫുട്‌ബോള്‍ ടീം തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി സ്റ്റേറ്റേഡിയത്തില്‍ പ്രദര്‍ശന മത്സരത്തിനു വന്ന കഥ പറയട്ടെ. കളി നിയന്ത്രിക്കാന്‍ കേരളത്തില്‍ ഇന്റര്‍നാഷനല്‍ റഫറിയില്ല. അന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പേട്രന്‍ ആയിരുന്ന രാഷ്ട്രപതി ബാബു രാജേന്ദ്രപ്രസാദിനെ ഇടപെടുത്തി കേരളത്തിലെ സീനിയര്‍ ദേശീയ റഫറി ടി.വി.തോമസിനെ ഇന്റര്‍നാഷനല്‍ റഫറിയുടെ ഗ്രേഡിലാക്കിയെടുത്താണ് സാക്ഷാല്‍ ഗോദവര്‍മ രാജ മത്സരം നടത്തിയത്. ടി.വി.തോമസിന്റെ മക്കള്‍ ഡോ.ഡൂണിയും (മലേഷ്യ)കുസുമവും (യുഎസ്) ആണ് ഈ കഥ പറഞ്ഞുതന്നത്. കുസുമം മത്സരം കാണാനുണ്ടായിരുന്നു.ഒരു കാര്യം കൂടി പറയട്ടെ. ഇപ്പോഴത്തെ മന്ത്രിസഭാംഗമായ കെ.ബി.ഗണേശ്കുമാര്‍ സ്‌പോര്‍ട്‌സ് മന്ത്രിയായിരുന്നപ്പോള്‍ ഒരു പ്രോജക്ട് വായിക്കാന്‍ തന്നു. ഒളിംപ്യന്‍ ബോബി അലോഷ്യസ് ആണ് പ്രോജകട് തയാറാക്കിയതെന്ന് അറിഞ്ഞപ്പോള്‍ തെറ്റുണ്ടാകില്ല എന്നു ഞാന്‍ മറുപടി പറഞ്ഞു. ഗണേശ് കുമാറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.’ ഏതു പ്രഗല്‍ഭന്‍ തയാറാക്കിയാലും ഏതാനും പേരുടെ അഭിപ്രായം അറിയുന്നതാണ് സുരക്ഷിതം’.
2011ല്‍ കൊല്‍ക്കത്തയില്‍ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ മെസിയുടെ അര്‍ജന്റീനയും വെനസ്വേലയും പ്രദര്‍ശന മത്സരത്തില്‍ പങ്കെടുത്തതാണ്. അവരോടെങ്കിലും ചോദിക്കാമായിരുന്നു. അതിനു പകരം ആദ്യമാണ് അര്‍ജന്റീന ഇന്ത്യയില്‍ കളിക്കുന്നത് എന്ന് സ്‌പോണ്‍സര്‍ പറഞ്ഞത് വിശ്വസിച്ചോ? അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തില്‍ എത്തിക്കുന്നതിനു മുമ്പ് നാട്ടിലെ കായിക താരങ്ങള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുകയും ഹോസ്റ്റലുകള്‍ക്കുള്ള അലവന്‍സും പരിശീലകരുടെ ശമ്പളവും പെന്‍ഷനും കൃത്യമായി നല്‍കുകയുമാണ് വേണ്ടതെന്നുകൂടി സ്‌പോര്‍ട്‌സ് മന്ത്രിയെ ഓര്‍മിപ്പിക്കട്ടെ.





