തദ്ദേശ തിരഞ്ഞെടുപ്പ്: നിലമ്പൂര്‍ മാതൃകയില്‍ സര്‍ക്കാരിനെതിരെ പ്രചാരണ പരിപാടികളുമായി രംഗത്തിറങ്ങാന്‍ ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍

നിലമ്പൂര്‍ മാതൃകയില്‍ സര്‍ക്കാരിനെതിരെ പ്രചാരണ പരിപാടികളുമായി രംഗത്തിറങ്ങാന്‍ ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എങ്ങനെയാണോ പ്രചാരണം നടത്തിയത് അതുപോലെ എല്ലാ വാര്‍ഡുകളിലും സജീവമാകുമെന്ന് ആശാവര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം എ ബിന്ദു പറഞ്ഞു. ക്ലിഫ് ഹൗസ് മാര്‍ച്ചിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സമരപരിപാടികള്‍ സംഘടിപ്പിക്കുകയുമാണ്.തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രചാരണവുമായി രംഗത്തിറങ്ങും. ഈ സ്ത്രീ തൊഴിലാളി സമരത്തെ ഇത്തരത്തില്‍ അപമാനിക്കുന്ന, ജനാധിപത്യ വിരുദ്ധമായി കൈകാര്യം ചെയ്യുന്ന സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്ക് വോട്ട് കൊടുക്കരുത്. നിലമ്പൂരില്‍ എങ്ങനെയാണോ പ്രചാരണം നടത്തിയത്, അതുപോലെ തദ്ദേശ തിരഞ്ഞെടുപ്പിലും ഇറങ്ങും – ആശമാര്‍ പറഞ്ഞു.
അതേസമയം, സെക്രട്ടറിയേറ്റിന് മുന്നിലെ മുന്നിലെ സമരം കടുപ്പിക്കുകയാണ് ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍. കഴിഞ്ഞ ദിവസം നടന്ന ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ പൊലീസ് അതിക്രമം നടത്തിയെന്ന് ആരോപിച്ച് തുടര്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. സംസ്ഥാന വ്യാപകമായി ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധ സൂചകമായി സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തലിലും കറുത്ത വസ്ത്രവും ബാഡ്ജും ധരിച്ച് കരിങ്കൊടി പ്രകടനം നടത്തും.കഴിഞ്ഞ ദിവസം നടത്തിയ ക്ലിഫ് ഹൗസ് മാര്‍ച്ച് ഒരു ഇടവേളക്കുശേഷം പ്രവര്‍ത്തകരുടെ ശക്തി പ്രകടനം കൂടിയായി മാറിയിട്ടുണ്ട്. സമരത്തിന്റെ അടുത്ത ഘട്ടം വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും എന്നും ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഓണറേറിയം വര്‍ധിപ്പിക്കുക വിരമിക്കല്‍ ആനുകൂല്യം നല്‍കുക പെന്‍ഷന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന സമരം ഇന്ന് 257 ആം ദിവസത്തിലാണ്.



