Ernakulam

ഒരേ പേരിൽ രണ്ട് മൃതദേഹങ്ങൾ, വീട് മാറി എത്തിച്ചു; അബദ്ധം തിരിച്ചറിഞ്ഞത് സംസ്കരിക്കാനെടുത്തപ്പോൾ

Please complete the required fields.




കൊച്ചി: മുംബൈയിൽ മരിച്ച ഇലഞ്ഞി സ്വദേശിയുടെ മൃതദേഹം സംസ്കരിക്കാനെടുത്തപ്പോൾ മറ്റൊരാൾ. ഇലഞ്ഞിക്കടത്ത് പെരുമ്പടവം സ്വദേശിയായ ജോര്‍ജ് കെ.ഐപ്പിന്റെ മൃതദേഹത്തിനു പകരം വീട്ടിലെത്തിയത് പത്തനംതിട്ട സ്വദേശിയായ മറ്റൊരു ജോർജിന്റെ മൃതദേഹം. പഞ്ചായത്ത് അധികൃതരുടേയും നാട്ടുകാരുടേയും ശ്രമഫലമായി പെരുമ്പടവം സ്വദേശിയുടെ മൃതദേഹം ഇന്നു രാത്രിയോടെ കൊച്ചിയിലെത്തിച്ചു.

നാളെ പെരുമ്പടവം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും. ഏറെക്കാലമായി മുംബൈയിൽ താമസിക്കുന്ന ജോർജ് കെ.ഐപ്പ് (59) രണ്ടു ദിവസം മുൻപാണ് കാൻസർ ബാധിച്ച് മരിച്ചത്. തുടർന്ന് പരേതന്റെ ആഗ്രഹപ്രകാരം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ഭാര്യ ഷൈനിയും മകൻ അബിനും തീരുമാനിച്ചു. മൃതദേഹം ആശുപത്രിയിൽ നിന്ന് സ്വീകരിച്ച് നാട്ടിലെത്തിക്കാൻ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഏജൻസിയെ ചുമതലപ്പെടുത്തുകയും ചെയ്തു.തുടർന്ന് തിങ്കളാഴ്ച രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തലെത്തിയ മൃതദേഹം ബന്ധുക്കൾ സ്വീകരിച്ച് പിറവത്തെ ഒരു സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിക്കുകയും ചെയ്തു. എന്നാൽ ഇന്ന് രാവിലെ മൃതദേഹം സംസ്കാര ശുശ്രൂഷകൾക്കായി വീട്ടിലെത്തിച്ചപ്പോഴാണ് മറ്റൊരു വ്യക്തിയാണ് അതെന്ന് വീട്ടുകാർ മനസിലാക്കുന്നത്.

പഞ്ചായത്ത് അധികൃതരും പൊലീസും ഇടപെട്ട് ഏജന്‍സിയെ ബന്ധപ്പെട്ടപ്പോഴാണ് അത് പത്തനംതിട്ട സ്വദേശിയായ മറ്റൊരു ജോര്‍ജിന്റെ മൃതദേഹമാണെന്ന് അവരും തിരിച്ചറിയുന്നത്. ശവപ്പെട്ടിയിൽ രേഖപ്പെടുത്തിയിരുന്നത് ഒരേ പേര് ആയിരുന്നതിനാൽ ഏജൻസിക്കാർ മൃതദേഹം ഏറ്റുവാങ്ങിയപ്പോൾ തെറ്റു പറ്റുകയായിരുന്നു. തുടർന്ന് പത്തനംതിട്ട സ്വദേശിയായ ജോര്‍ജിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഒപ്പം ഏജൻസിയെ ബന്ധപ്പെട്ട് ജോർജ് കെ.ഐപ്പിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി.തങ്ങൾക്ക് സംഭവിച്ച പിശകാണെന്ന് മനസിലായ ഏജൻസി ഇന്നു വൈകിട്ടോടെ ജോര്‍ജ് കെ.ഐപ്പിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചതോടെയാണ് പ്രതിസന്ധിക്കും വീട്ടുകാരുടെ വിഷമത്തിനും വിരാമമായത്. സംസ്കാര ശുശ്രൂഷകള്‍ പൂർത്തിയാക്കിയ ശേഷം ബുധനാഴ്ച രാവിലെ 11.30ന് സംസ്കരിക്കും.

Related Articles

Back to top button