Palakkad

അട്ടപ്പാടിയിലെ ഗർഭിണികളുടെ സ്ഥിതി ഗുരുതരം; 58% ഹൈറിസ്ക്ക് വിഭാഗത്തിൽ, ആരോഗ്യ വകുപ്പ് റിപ്പോർട്ട്

Please complete the required fields.




പാലക്കാട്: അട്ടപ്പാടിയിലെ ഗർഭിണികളുടെ സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കുന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് പുറത്ത്. അട്ടപ്പാടിയിലെ ഗർഭിണികളിൽ 58 ശതമാനവും ഹൈറിസ്ക് വിഭാഗത്തിലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരിൽ ആദിവാസി ഗർഭിണികളിൽ നാലിലൊന്നും തൂക്കക്കുറവുള്ളവരാണെന്നും ആരോഗ്യ വകുപ്പ് റിപ്പോർട്ടിൽ പറയുന്നു. 

അട്ടപ്പാടിയിൽ നവജാത ശിശു മരണം തുടർക്കഥയായ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് കണക്കെടുപ്പ് നടത്തിയത്. രക്തക്കുറവ്, പോഷകാഹാരക്കുറവ്, ഗർഭസ്ഥ ശിശുവിന്റെ വളർച്ചക്കുറവ്, അരിവാൾ രോഗം, ഗർഭം അലസാൻ സാധ്യതയുള്ളവർ ഗർഭിണിയുടെ ഭാരക്കുറവ്, ജന്മനാ പ്രമേഹമുള്ളവർ തുടങ്ങി വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഗർഭിണികളെ ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇത്തരത്തിൽ കണക്കെടുപ്പ് പൂർത്തിയായപ്പോൾ ആകെയുള്ള 426 ഗർഭിണികളിൽ 245 പേരാണ് ഹൈറിസ്കിൽ ഉൾപ്പെട്ടിരിക്കുന്നത്. അതിൽ തന്നെ ആദിവാസികളുടെ സ്ഥിതിയാണ് കൂടുതൽ ഗുരുതരം. 

191 ആദിവാസി ഗർഭിണികൾ ഹൈ റിസ്ക്ക് വിഭാഗത്തിലാണുള്ളത്. അരിവാൾ രോഗികളായ 17 ഗർഭിണികൾ അട്ടപ്പാടിയിലുണ്ട്. ആദിവാസി ഗർഭിണികളിൽ 90 പേർക്ക് തൂക്കകുറവും ഹീമോഗ്ലോബിന്റെ കുറവുള്ള 115  പേരുമുണ്ടെന്ന് സർക്കാർ രേഖകളിൽ നിന്നും വ്യക്തമാകുന്നു. സർക്കാരിൽ രജിസ്റ്റർ ചെയ്തവരുടെ മാത്രം കണക്കാണിത്. ഇതിലുമേറെയുണ്ടാകുമെന്ന് ആരോഗ്യവകുപ്പും കരുതുന്നു. അതിനാൽ വിവിധ വകുപ്പുകളുടെ സഹായത്താൽ കൃത്യമായ പട്ടിക തയാറാക്കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്. 

Related Articles

Leave a Reply

Back to top button