
കോഴിക്കോട് : പലതരം രുചികളുടെ രസക്കൂട്ടുകൾ നുണഞ്ഞ്, കടലിനെക്കണ്ട്, ഭക്ഷണം ആസ്വദിച്ചുകഴിക്കാൻ ബീച്ചിലേക്ക് വന്നോളൂ… തിങ്കളാഴ്ചമുതൽ ബീച്ചിലെ ഫുഡ് സ്ട്രീറ്റിലിരുന്ന് ഭക്ഷണം കഴിക്കാം. കാത്തിരിപ്പിനൊടുവിൽ 20-ന് രാത്രി എട്ടിന് മന്ത്രി എം.ബി. രാജേഷ് ഭക്ഷണത്തെരുവ് ഉദ്ഘാടനംചെയ്യും.
ബീച്ചിൽ പ്രത്യേകമായി ഒരുക്കിയ സ്ഥലത്ത് മഞ്ഞയും ചുവപ്പും നിറത്തിലുള്ള ഒരേ മോഡൽ ഉന്തുവണ്ടികൾ നിരന്നുകഴിഞ്ഞു. 90 വണ്ടികളാണുള്ളത്. ഇവയല്ലാതെ ബീച്ചിൽ മറ്റു കച്ചവടം പാടില്ലെന്ന് കോർപ്പറേഷൻ നിർദേശം നൽകിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാവകുപ്പ്, ദേശീയ ആരോഗ്യദൗത്യം (നാഷണൽ ഹെൽത്ത് മിഷൻ), കോർപ്പറേഷൻ എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ബീച്ചിൽ 240 മീറ്റർ നീളത്തിലുള്ള സ്ഥലത്താണ് ഭക്ഷണത്തെരുവ് ഒരുക്കിയത്. ആളുകൾക്ക് ഇരിക്കാനായി പ്രത്യേക സൗകര്യങ്ങളുണ്ട്. നടപ്പാതയോടുചേർന്നാണ് നിലവിൽ ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുള്ളത്.ഭക്ഷണവും വെള്ളവുമെല്ലാം ചൂടോടെ സൂക്ഷിക്കാനുള്ള സൗകര്യം ഉന്തുവണ്ടികളിലുണ്ട്. വെള്ളം, വൈദ്യുതി സൗകര്യങ്ങളെല്ലാം ഒരുക്കി. വൈദ്യുതികണക്‌ഷൻ രണ്ടുദിവസത്തിനുള്ളിലേ പൂർണമാകൂ. ഇപ്പോൾ അവസാനഘട്ട പണികളിലേക്ക് കടന്നിട്ടുണ്ട്. “പല നാടുകളിൽനിന്നുള്ള ഗുണമേന്മയുള്ള ഭക്ഷണം, ഏറ്റവും വൃത്തിയോടെ നൽകുന്ന സ്ഥലമായി ബീച്ചിലെ ഭക്ഷണത്തെരുവ് മാറും” -ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി. ദിവാകരൻ പറഞ്ഞു.
ഡി എർത്താണ് ഉന്തുവണ്ടികൾ ഡിസൈൻ ചെയ്തിട്ടുള്ളത്. പൊതുമേഖലാസ്ഥാപനമായ മെറ്റൽ ഇൻഡസ്ട്രീസാണ് വണ്ടികളുണ്ടാക്കുന്നത്. കടൽക്കാറ്റേറ്റ് തുരുമ്പെടുക്കാതിരിക്കാൻ പ്രത്യേകമായ സ്റ്റീൽ സ്ട്രക്ചറിലാണ് നിർമാണം. മലിനജലം സംസ്കരിക്കാനുള്ള സംവിധാനവും ഉണ്ടാവും. ഭക്ഷണത്തെരുവിന് 4.06 കോടിരൂപയാണ് പദ്ധതിച്ചെലവ്. ഇതിൽ 2.41 കോടിരൂപ ദേശീയ നഗര ഉപജീവനദൗത്യംവഴിയും ഒരുകോടിരൂപ ഭക്ഷ്യസുരക്ഷാവകുപ്പും ശേഷിക്കുന്ന തുക കോർപ്പറേഷനുമാണ് വഹിക്കുന്നത്.





