
തൃശ്ശൂർ: വിവിധ ജില്ലകളിൽനിന്നായി 270 കോടിയോളം രൂപയുടെ തട്ടിപ്പുനടത്തിയ മെൽക്കർ ഫിനാൻസ് ആൻഡ് ലീസിങ് സ്ഥാപനത്തിലെ ഉടമകളായ ദമ്പതിമാർ അറസ്റ്റിൽ. തൃശ്ശൂർ കൂർക്കഞ്ചേരി വാലത്ത് വീട്ടിൽ രംഗനാഥൻ (64), ഭാര്യ വാസന്തി (61) എന്നിവരെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. അമിതപലിശ വാഗ്‌ദാനം ചെയ്ത് നാൽപ്പതോളം ശാഖകൾ വഴി ഇവർ കോടികൾ സമാഹരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.ഒളിവിലായിരുന്ന ഇവരെ ബുധനാഴ്‌ച കൂർക്കഞ്ചേരിയിലെ കാലങ്ങളായി അടച്ചിട്ട വീട്ടിൽനിന്ന് പിടികൂടുകയായിരുന്നു. കൊല്ലൂർ മൂകാംബികാക്ഷേത്രദർശനത്തിന് പോയ ഇവർ തിരികെയുള്ള യാത്രക്കിടെയാണ് ഇവിടെ ഇറങ്ങിയത്. പുലർച്ചെ എത്തിയ ഇവർ ഗേറ്റ് പൂട്ടിയിട്ട് ആളില്ലെന്ന പ്രതീതി ജനിപ്പിക്കാൻ ശ്രമിച്ചു.
പുലർച്ചെ ഫോൺ ലൊക്കേഷൻ നോക്കിയപ്പോഴാണു കൂർക്കഞ്ചേരിയിലുണ്ടെന്ന് മനസ്സിലായത്. ബുധനാഴ്ച ഇവരുടെ വിവിധ ഓഫീസുകളിൽ പരിശോധന നടന്നു. അമ്പത് പരാതികൾ ബുധനാഴ്ച മാത്രം ഈസ്റ്റ് സ്റ്റേഷനിൽ ലഭിച്ചു. വിവിധ സ്ഥാപനങ്ങൾ വഴിയാണ് ഇവർ ആളുകളിൽനിന്ന് നിക്ഷേപം സ്വീകരിച്ചത്. നിധി, സൊസൈറ്റി വിഭാഗങ്ങളിൽപ്പെടുന്ന സ്ഥാപനങ്ങൾ ഇവർക്കുണ്ട്.സ്ഥിരനിക്ഷേപമായും മറ്റു പദ്ധതികളിലൂടെയും നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. കൂടുതലും മുതിർന്ന പൗരന്മാരാണ് തട്ടിപ്പിൽ കുടുങ്ങിയത് എന്നാണ് അറിയുന്നത്. നാലായിരത്തിലധികംപേർ ഇതിൽ നിക്ഷേപം നടത്തിയെന്നാണ് പ്രാഥമികവിവരം. ഇതിൽ പലരും 50 ലക്ഷം വരെ നിക്ഷേപിച്ചവരാണ്.
എസിപി കെ.ജി. സുരേഷ്, ഈസ്റ്റ് എസ്എച്ച്ഒ ജിജോ, എസ്‌ഐമാരായ ബിബിൻ ബി. നായർ, അനുശ്രുതി, ഹരീന്ദ്രൻ, ബാലസുബ്രഹ്മണ്യൻ, ജിജേഷ്, എഎസ്‌ഐ യശ്വി, സീനിയർ സിപിഒമാരായ ഗിരീഷ്, സുശാന്ത്, സിപിഒ ഹരീഷ്, സൂരജ്, അജ്മൽ, ദീപക് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.





