
ഹൈദരാബാദ്: തന്റെ രണ്ട് വയസ്സുള്ള ഇരട്ടക്കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവതി ആത്മഹത്യ ചെയ്തു. 27 കാരിയായ ചല്ലാരി ശൈലക്ഷ്മി എന്ന യുവതി ഇരട്ടകളായ ചേതൻ കാർത്തികേയയെയും ലാസ്യതാ വല്ലിയെയും തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.ഇതിനുശേഷം ഹൈദരാബാദിലെ ബാലാനഗറിലുള്ള തൻ്റെ നാലാം നിലയിലെ അപ്പാർട്ട്‌മെൻ്റിൽ നിന്ന് ചാടി അവർ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇന്ന് പുലർച്ചെ 3.30-ഓടെയാണ് സംഭവം. സംഭവസമയത്ത് ഇവരുടെ ഭർത്താവ് അനിൽ കുമാർ ജോലിസ്ഥലത്തായിരുന്നെന്നും പൊലീസ് പറഞ്ഞു. കെട്ടിടത്തിന് പുറത്തെ സിസിടിവി ദൃശ്യങ്ങളിൽ പുലർച്ചെ 3.37-ന് ശൈലക്ഷ്മി താഴേക്ക് വീഴുന്നതായി കാണാം.
ശബ്ദം കേട്ട് ഞെട്ടിയ അയൽക്കാർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
സംസാര വൈകല്യമുള്ള മകൻ ചേതന്റെ ചികിത്സയുടെ കാര്യത്തിൽ ശൈലക്ഷ്മിയും ഭർത്താവ് അനിൽ കുമാറും തമ്മിൽ പതിവായി വഴക്കുകൾ ഉണ്ടാകാറുണ്ടായിരുന്നെന്ന് പൊലീസ് ഇൻസ്പെക്ടർ ടി നരസിംഹ രാജു പറഞ്ഞു. “ചേതന് സംസാര വൈകല്യമുണ്ടായിരുന്നു. സംസാര ചികിത്സയ്ക്കായി കുട്ടിയെ കൊണ്ടുപോയിരുന്നു. കുട്ടിയുടെ ആരോഗ്യസ്ഥിതിയെച്ചൊല്ലി ശൈലക്ഷ്മിയും അനിൽ കുമാറും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും പതിവായിരുന്നു,” പൊലീസ് വ്യക്തമാക്കി.
ഈ വഴക്കുകളിൽ നിന്നുള്ള മാനസിക സമ്മർദ്ദമാണ് ശൈലക്ഷ്മിയെ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ശൈലക്ഷ്മിയുടെ മാതാപിതാക്കൾ അനിൽ കുമാറിനെതിരെ പരാതി നൽകിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് അനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.





