
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്. ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സത്യഗ്രഹസമരം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. താന്‍ വലിയ ആരോഗ്യപ്രശ്‌നമാണ് അനുഭവിക്കുന്നതെന്നും തുടര്‍ ചികിത്സ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നുമാണ് ഹര്‍ഷിനയുടെ ആവശ്യം. ചികിത്സാപ്പിഴവിനെ തുടര്‍ന്ന് താന്‍ ഇപ്പോഴും അനുഭവിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വേദനയ്ക്കും നഷ്ടപരിഹാരം നല്‍കണമെന്നും സര്‍ക്കാര്‍ തന്റെ തുടര്‍ ചികിത്സ ഉറപ്പാക്കണമെന്നുമാണ് ബഹര്‍ഷിനയുടെ ആവശ്യം. രാവിലെ 10 മണിക്കാണ് സമരത്തിന്റെ ഉദ്ഘാടനം നടക്കുക. 2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് നടത്തിയ മൂന്നാമത്തെ പ്രസവശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രികകുടുങ്ങിയത്. വര്‍ഷങ്ങളോളം വയറ്റില്‍ കുടുങ്ങിയ കത്രികയുടെ വേദന പേറിയ ഹര്‍ഷിനയുടെ ദുരവസ്ഥ ട്വന്റിഫോറാണ് ആദ്യമായി പുറംലോകത്തെ അറിയിച്ചിരുന്നത്.
കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി ദുരിതം അനുവഭവിക്കുകയാണെന്ന് ഹര്‍ഷിന പറയുന്നു. രണ്ടരവര്‍ഷം മുന്‍പ് വയറ്റില്‍ നിന്ന് കത്രിക പുറത്തെടുത്തു. പക്ഷേ ഇപ്പോള്‍ മുന്‍പുണ്ടായിരുന്നതിനേക്കാള്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് താന്‍ ഇപ്പോള്‍ നേരിടുന്നത്. ആരോഗ്യമന്ത്രി അടക്കമുള്ളവര്‍ അടുത്തെത്തി 15 ദിവസത്തിനുള്ളില്‍ നീതി നടപ്പാക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ വാക്കുകൊണ്ട് പറഞ്ഞതല്ലാതെ ആരും നീതിയുടെ അടുത്ത് പോലും എത്തിയിട്ടില്ല. അവസാന പ്രതീക്ഷയായ കോടതിയില്‍ പോലും സര്‍ക്കാര്‍ കൂടെയുണ്ടെന്ന് പറഞ്ഞതല്ലാതെ വേറൊന്നും നടന്നില്ല. പ്രതികളായ ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി കൊടുക്കുകയും തനിക്ക് വേണ്ടി വാദിക്കേണ്ടിയിരുന്ന പ്രോസിക്യൂഷന്‍ മൗനമായി ഇരിക്കുകയുമാണ് അവിടെ ഉണ്ടായതെന്നും ഇത്രയും അനുഭവിച്ചയാള്‍ക്ക് നീതി നല്‍കിയില്ലെങ്കില്‍ വേറെ ആര് അത് നല്‍കുമെന്നും ഹര്‍ഷിന ചോദിക്കുന്നു. വലിയ പിഴവ് സംഭവിച്ചിട്ടും നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധമുണ്ടെന്നും ഹര്‍ഷിന ട്വന്റിഫോറിനോട് പറഞ്ഞിരുന്നു.





