
കട്ടിപ്പാറ : കട്ടിപ്പാറ, പുതുപ്പാടി ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാഞ്ഞാംവയൽ നടപ്പാലം പാർശ്വഭിത്തിയുടെ കെട്ടുതകർന്ന് അപകടഭീഷണിയിൽ. കട്ടിപ്പാറ പയോണ വാർഡിനെയും പുതുപ്പാടിയിലെ ഈങ്ങാപ്പുഴ വാർഡിനെയും ബന്ധിപ്പിക്കുന്ന ഈങ്ങാപ്പുഴ-കോൺവെന്റ്-കാഞ്ഞാംവയൽ പാതയിലെ പാലമാണ് അപകടാവസ്ഥയിലായത്.
ഈങ്ങാപ്പുഴ വാർഡിനെ ബന്ധിപ്പിക്കുന്ന ഭാഗത്തെ കരിങ്കല്ലുകൊണ്ടുള്ള കെട്ടുതകർന്ന് പാറക്കല്ലുകളിലേറെയും പുഴയിലേക്കുപതിച്ചനിലയിലാണ്. കുറച്ച് കല്ലുകൾക്കുമേലാണ് കോൺക്രീറ്റ് ബീമുള്ളത്. അതിനാൽ ഏതുസമയത്തും ഇടിഞ്ഞുവീഴാമെന്ന അവസ്ഥയിലാണ്. പാലം തകർന്നാൽ കാഞ്ഞാംവയൽ, വേനക്കാവ്, പ്ലാപ്പറ്റ മേഖലയിലുള്ളവർ ആശ്രയിക്കുന്ന നടവഴി ഇല്ലാതാവും.





