
തൃശൂർ: ദേവവിഗ്രഹങ്ങളിലെ തിരുവാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ശാന്തിക്കാരൻ അറസ്റ്റിൽ. കുന്നത്തങ്ങാടി ചെങ്ങട്ടിൽ വീട്ടിൽ വിഷ്ണു (21) എന്നയാളെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.വാടാനപ്പള്ളി തൃത്തല്ലൂർ ശ്രീ കൊറ്റായി ചാളിപ്പാട്ട് അന്നപൂർണ്ണേശ്വരി തറവാട്ട് ക്ഷേത്രത്തിലെ ദേവവിഗ്രഹങ്ങളിൽ അണിയിച്ചിരുന്ന തിരുവാഭരണങ്ങളാണ് മോഷ്ടിച്ചത് . കഴിഞ്ഞ വർഷം മേയ് മൂന്നിന് രാവിലെ 10.30 നും ജൂൺ 26 ന് വൈകീട്ട് 7.30 നും ഇടയിലാണ് ക്ഷേത്രത്തിലെ രണ്ട് ശാന്തിക്കാരിൽ ഒരാളായ വിഷ്ണു മോഷണം നടത്തിയത്.
അന്നപൂർണ്ണേശ്വരി ദേവിയുടെ തിരുവാഭരണങ്ങളായ വിഗ്രഹത്തിൽ അണിയിച്ചിരുന്ന താലിയോട് കൂടിയ 4 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാലയും, ദുർഗാദേവിയുടെ വിഗ്രഹത്തിലെ 9.57 ഗ്രാം താലിയോട് കൂടിയ സ്വർണ്ണമാലയും, ഭദ്രകാളി ദേവിയുടെ വിഗ്രഹത്തിലെ 8.15 ഗ്രാം താലിയോട് കൂടിയ സ്വർണ്ണമാലയും ഉൾപ്പെടെ 21.72 ഗ്രാം സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചത്.





