
കല്ലാച്ചി : മാലിന്യപ്രശ്നത്തെ തുടർന്ന് പൂട്ടിയ കല്ലാച്ചി മത്സ്യമാർക്കറ്റ് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് ബുധനാഴ്ചമുതൽ തുറന്നുപ്രവർത്തിക്കാൻ നാദാപുരം പഞ്ചായത്ത് സെക്രട്ടറി റജുലാൽ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായി.
കഴിഞ്ഞദിവസം കല്ലാച്ചി മത്സ്യമാർക്കറ്റിന്റെ പിൻവശത്ത് മാർക്കറ്റിലെ അറവുമാലിന്യം തള്ളിയതിനെപ്പറ്റി ‘മാതൃഭൂമി’ വാർത്ത കൊടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു വൃത്തിഹീനമായ മത്സ്യമാർക്കറ്റ് പൂട്ടാൻ ആരോഗ്യവകുപ്പ് ഉത്തരവ് നൽകിയത്.
മാർക്കറ്റിന്റെ പിൻവശത്ത് മാലിന്യം നിക്ഷേപിച്ച സ്ഥലം മണ്ണിട്ടു നികത്തിയിരിക്കുകയാണ്. ഇനി മാർക്കറ്റിലെ ആരെങ്കിലും മാർക്കറ്റിനുപുറത്ത് മാലിന്യം നിക്ഷേപിക്കുകയാണെങ്കിൽ അവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി. മാർക്കറ്റിലെ വൃത്തിഹീനമായി കിടക്കുന്ന കോഴിക്കട എത്രയും പെട്ടെന്ന് വൃത്തിയാക്കണം.അടുത്തമാസം പത്തിനുള്ളിൽ പരിശോധിക്കുമ്പോൾ വല്ല പാകപ്പിഴയും കണ്ടാൽ വീണ്ടും പൂട്ടാൻ തീരുമാനമായി. ഇനി ആരെങ്കിലും മാലിന്യം നിക്ഷേപിച്ചാൽ മാർക്കറ്റിലെ വ്യാപാരികൾ ഒന്നിച്ചുനിക്ഷേപിച്ച വ്യക്തിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും യോഗത്തിൽ തീരുമാനമായി.വ്യാപാരി വ്യവസായി പ്രസിഡന്റ് എം.സി. ദിനേശൻ, പത്താംവാർഡ് മെമ്പർ നിഷാ മനോജ്, ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ എം. സീന, ക്ലാർക്ക് രഞ്ജുലാൽ, മാർക്കറ്റ് വിളിച്ചെടുത്ത എം.പി. കൃഷ്ണൻ, മാർക്കറ്റിലെ തൊഴിലാളികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.





