
ആറ്റിങ്ങൽ : പ്രണയനൈരാശ്യം മൂലം ആത്മഹത്യചെയ്യാൻ അയിലം പാലത്തിൽ കയറിയ യുവാവിനെ പൊലീസ് അനുനയിപ്പിച്ച് രക്ഷപ്പെടുത്തി. ബുധൻ രാത്രി ഒമ്പതിനാണ് സംഭവം. പോത്തൻകോട് സ്വദേശിയായ 23കാരനാണ് ആത്മഹത്യാശ്രമം നടത്തിയത്.പ്രദേശവാസികൾ ആറ്റിങ്ങൽ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ എസ്‌ഐ ജിഷ്ണു, എഎസ്ഐ മുരളീധരൻ പിള്ള എന്നിവർ യുവാവിനെ അനുനയിപ്പിച്ച് തിരികെ വിളിച്ചത്. യുവാവിനൊപ്പമിരുന്നു പൊലീസുകാർ വിഷമങ്ങളൊക്കെ കേട്ട് അവനെ സമാധാനിപ്പിക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡയിൽ പ്രചരിച്ചു. ‘നീ കേറി വാ നമുക്ക് പരിഹരിക്കാം. വിഷമിക്കേണ്ട’ എന്ന് പൊലീസ് പറയുന്നത് വീഡിയോയിൽ കാണാം. തുടർന്ന് പാലത്തിന്റെ നടപ്പാതയിലേക്ക് കയറിയ യുവാവിനൊപ്പം പൊലീസുകർ ഏറെ നേരമിരുന്ന് കാര്യങ്ങൾ അന്വേഷിക്കുന്നതും വീഡിയോയിൽ ഉണ്ട്.





