
കോഴിക്കോട്: ചരിത്രമുറങ്ങുന്ന കോഴിക്കോട് ഗാന്ധിഗൃഹം വിപുലീകരണത്തിന്റെ പാതയിൽ. ആധുനിക ലൈബ്രറി, ഗാന്ധിമാർഗ ഗവേഷണകേന്ദ്രം, മ്യൂസിയം എന്നിവ ഉൾപ്പെടുന്ന പുതിയ ബ്ലോക്ക് 3000 ചതുരശ്ര അടി വിസ്തൃതിയിൽ ഇരുനിലകളിലായി ഉടൻ നിർമാണം ആരംഭിക്കും. ചെറൂട്ടി റോഡിൽ ഇപ്പോഴുള്ള കെട്ടിടത്തിന്റെ വടക്കുഭാഗത്ത് ആറുസെന്റ് സ്ഥലത്തായാണ് പുതിയ നിർമാണം. ഇതിനായി ആറ് സെന്റ് സ്ഥലം സർക്കാർ ലീസിന് അനുവദിച്ചിട്ടുണ്ട്.
ഖാദിബോർഡിനു സമാന്തരമായി ഉയരുന്ന പുതിയ സമുച്ചയത്തിൽ ഗ്രാമീണ വനിതകളുടെ സ്വാശ്രയത്വത്തിന് ഉതകുന്ന തൊഴിൽപരിശീലന കേന്ദ്രവുമുണ്ടാവും. പുതുതായി ആരംഭിക്കുന്ന ലൈബ്രറിയിൽ എണ്ണായിരം പുസ്തകങ്ങളുണ്ടാവും. ഇപ്പോൾ ഗാന്ധിഗൃഹത്തിൽ പ്രവർത്തിക്കുന്ന റഫറൻസ് ലൈബ്രറിയും അങ്ങോട്ട് മാറ്റും. വിവിധ സർവകലാശാലകളിൽനിന്നുള്ള ഗവേഷണവിദ്യാർഥികൾക്ക് പ്രയോജനകരമാവുംവിധമാണ് രൂപകല്പന. ഗാന്ധിജിയുടെ കളക്ടഡ് വർക്സിന്റെ വിവിധ വാള്യങ്ങളായുള്ള സമാഹാരവും ഇവിടെയുണ്ടാവും. കേളപ്പജി ഓഡിറ്റോറിയം, കെ.പി. കേശവമേനോൻ സ്മൃതികുടീരം, കസ്തൂർബഹാൾ, വിനോബ മഞ്ച് തുടങ്ങിയവയാണ് ഇപ്പോൾ ഗാന്ധിഗൃഹത്തിലുള്ളത്. 75 ലക്ഷം രൂപ ചെലവുപ്രതീക്ഷിക്കുന്ന പുതിയ കെട്ടിടം ഒരുവർഷത്തിനകം പൂർത്തിയാവും. ഗാന്ധിദർശൻ കോഴ്‌സിന്റെ ക്ലാസുകളും ഇനി പുതിയ കെട്ടിടത്തിലായിരിക്കും.





