
കോഴിക്കോട് : ആറുവർഷംമുൻപ് കാണാതായ വെസ്റ്റ്ഹിൽ സ്വദേശി കെ.ടി. വിജിലിന്റേതെന്നു കരുതുന്ന വുഡ്‌ലാൻഡിന്റെ ഷൂ ബുധനാഴ്ച കണ്ടെത്തി. സരോവരം തണ്ണീർത്തടത്തിൽ അന്വേഷണസംഘം ചതുപ്പു നീക്കി തിരച്ചിൽ നടത്തിയപ്പോഴാണ് വിജിൽ മരിച്ചസമയത്ത് ധരിച്ചിരുന്ന ഷൂ കണ്ടെത്തിയത്. ഷൂ വിജിലിന്റേതാണെന്ന് ഈ കേസിൽ അറസ്റ്റിലായ പ്രതികളായ വാഴാത്തിരുത്തി കുളങ്ങരക്കണ്ടി മീത്തൽ കെ.കെ. നിഖിൽ, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയിൽ ദീപേഷ് എന്നിവർ തിരിച്ചറിഞ്ഞു.
പന്തീരാങ്കാവ് സ്വദേശി മഠത്തിൽ അബ്ദുൽ അസീസിനെയും സംഘത്തിനെയും ഉപയോഗിച്ച് പോലീസ് നടത്തിയ തിരച്ചിലിലാണ് ഇടതുകാലിലെ ഷൂ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് രണ്ടാംഘട്ട തിരച്ചിലിനായി പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഏഴടിയോളം താഴ്ചയുള്ള ചതുപ്പിൽനിന്ന് വെള്ളം പമ്പ് ചെയ്ത് വറ്റിച്ചാണ് പരിശോധന നടത്തുന്നത്. ടൗൺ അസിസ്റ്റന്റ് കമ്മിഷണർ ടി.കെ. അഷ്‌റഫിന്റെയും എലത്തൂർ ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിന്റെയും നേതൃത്വത്തിൽ തഹസിൽദാർ, ഫൊറൻസിക് വിദഗ്ധർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും പരിശോധനയ്ക്കായി സ്ഥലത്തെത്തിയിരുന്നു. രാവിലെ ഒൻപതുമണിയോടെ എലത്തൂർ പോലീസിന്റെ നേതൃത്വത്തിലാണ് പരിശോധന ആരംഭിച്ചത്. പോലീസ് നായകളെയും സ്ഥലത്ത് കൊണ്ടുവന്നിരുന്നു.
വ്യാഴാഴ്ചയും തിരച്ചിൽ തുടരും. പൊക്ലെയിൻ യന്ത്രത്തിന്റെ സഹായത്തോടെ ചെളിനീക്കിയാണ് അഞ്ചുദിവസമായി പരിശോധന നടത്തുന്നത്. അമിതമായി ലഹരി ഉപയോഗിച്ചതിനാൽ മരിച്ചെന്നും തുടർന്ന് സരോവരം വാഴത്തുരുത്തി ഭാഗത്ത് കുഴിച്ചുമൂടിയെന്നുമാണ് പ്രതികൾ പോലീസിന് മൊഴിനൽകിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ ഭാഗത്ത് പരിശോധന നടത്തുന്നത്. ഷൂ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ രണ്ടുദിവസംകൂടി പരിശോധന നടത്തും. ചളിയിൽനിന്ന് ലഭിച്ച ഷൂ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നും എലത്തൂർ ഇൻസ്പെക്ടർ പറഞ്ഞു.





