
ഡെറാഡൂണിൽ വീട്ടുവളപ്പിൽ കണ്ട രാജവെമ്പാലയെ പിടികൂടാൻ എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കു നേരെ പാമ്പ് പാഞ്ഞെത്തി. ഭാവുവാല ഗ്രാമത്തിലാണ് സംഭവം. മതിലിൽ പടർന്നുപന്തലിച്ച വള്ളിച്ചെടികൾക്കിടയിൽ ഒളിച്ചിരുന്ന പാമ്പിനെ ഉദ്യോഗസ്ഥർക്ക് ആദ്യം കണ്ടെത്താനായില്ല.എന്നാൽ വള്ളിച്ചെടി വെട്ടാൻ ശ്രമിക്കുന്നതിനിടെ പാമ്പ് പുറത്തേക്ക് വന്നു. പിടികൂടാനുള്ള ശ്രമത്തിനിടെ പാമ്പ് ചീറിയടുക്കുകയായിരുന്നു. മതിലിനോട് ചേർന്ന് നിന്ന ഉദ്യോഗസ്ഥൻ പെട്ടെന്ന് തന്നെ തറയിലിരുന്നു. പാമ്പിന്റെ നേരെ നിന്നിരുന്ന ഉദ്യോഗസ്ഥർ ഉടൻതന്നെ തന്റെ കൈയിലുണ്ടായിരുന്ന സ്റ്റിക്ക് ഉപയോഗിച്ച് പാമ്പിനെ നിലത്ത് വീഴുത്തുകയും വാൽഭാഗത്ത് പിടിക്കുകയും ചെയ്തു.
ശരീരം പൂർണമായും തറയിൽ എത്തിയപ്പോഴാണ് ഇതൊരു ചെറിയ പാമ്പ് അല്ലെന്ന് ഉദ്യോസ്ഥർക്ക് മനസ്സിലായത്. രാജവെമ്പാലയ്ക്ക് പതിനെട്ടടിയോളം നീളമുണ്ടെന്നാണ് പറയുന്നത്. വിഡിയോ വൈകാതെ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. ആക്രോശിച്ച് എത്തുന്ന കൂറ്റൻ പാമ്പിനെ ചെറിയ സ്റ്റിക്ക് കൊണ്ട് കൈകാര്യം ചെയ്തത് അദ്ഭുതമായെന്നും പാമ്പിനെ പിന്നീട് എന്തുചെയ്തെന്നും ആളുകൾ ചോദിച്ചു. പാമ്പിനെ സുരക്ഷിതമായി അതിനുയോജിച്ച സ്ഥലത്ത് തുറന്നുവിട്ടതായി വനംവകുപ്പ് അറിയിച്ചു.





