
കോഴിക്കോട് : ഓപ്പറേഷൻ സിന്ദൂറിന്റെ വിജയാഘോഷത്തിന്റെ പ്രചാരണാർഥം വ്യോമസേന ഒരുക്കിയ കാർറാലിയിൽ പങ്കെടുത്ത് കോഴിക്കോട്ടുകാരി വനിതാ ഓഫീസറും. കോഴിക്കോട് വെസ്റ്റ്ഹിൽ കരസേനാ ക്യാമ്പിലെ സീനിയർഗേൾ കെഡേറ്റ് ഇൻസ്ട്രക്ടറായ കെ. കീർത്തിയാണ് ശൗര്യ ഭാരത് കാർറാലിയിലെ ഏക മലയാളിസാന്നിധ്യം. കരസേന, വ്യോമസേന, നാവികസേന, തീരസുരക്ഷാസേന, ഡിആർഡിഒ, എൻസിസി എന്നീ വിഭാഗങ്ങളിൽനിന്നായി നൂറോളം ഉദ്യോഗസ്ഥരാണ് ശൗര്യഭാരത് കാർറാലിയുടെ ഭാഗമായത്.
ഡൽഹിയിൽനിന്ന് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് ഫ്ലാഗ്ഓഫ് ചെയ്ത റാലി അംബാല, ഉദംപുർ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് തിരിച്ച് ഡൽഹിയിൽ എത്തുന്നതായിരുന്നു റാലി.ടാറ്റയുടെ 40 ഇവി വാഹനങ്ങളിലായിരുന്നു ഈ റാലി. 25-ന് രാവിലെ ഡൽഹിയിൽനിന്ന് ഫ്ലാഗ്ഓഫ് ചെയ്ത റാലി 27-ന് ഡൽഹിയിൽ തിരിച്ചെത്തി.ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തെ അനുസ്മരിക്കുകയും സായുധസേനയുടെ പോരാട്ടവീര്യത്തെ ആദരിക്കുകയും ചെയ്യുക എന്നതിനൊപ്പം വായുമലിനീകരണം ഇല്ലാത്ത ഒരു സഞ്ചാരം എന്നതുകൂടി ലക്ഷ്യമിട്ടാണ് ഇലക്‌ട്രിക് വാഹനത്തിൽ റാലി ഒരുക്കിയതെന്ന് കീർത്തി മാതൃഭൂമിയോട് പറഞ്ഞു.
വെസ്റ്റ്ഹിൽ ക്യാമ്പിൽ നോട്ടീസ്ബോർഡിൽ ഉണ്ടായിരുന്ന ഒരു അറിയിപ്പ് പ്രകാരം അപേക്ഷിച്ചാണ് തനിക്ക് ഈ അവസരം ലഭിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. മുൻപ് രണ്ടുതവണ കേരളത്തിൽനിന്നുള്ള എൻസിസി കെഡേറ്റുകളെ റിപ്പബ്ലിക് ദിന പരേഡിന് എത്തിച്ച സംഘത്തിലെ ഇൻസ്ട്രക്ടറും ആയിരുന്നു.കരസേന മുൻ ലെഫ്റ്റനന്റ് കമാൻഡറും വേദവ്യാസ സൈനിക സ്കൂൾ കമാൻഡൻറുമായ പി. അശ്വന്ത് ഭർത്താവാണ്.





