India

പൊതുസ്ഥലങ്ങളിൽ പ്രാവുകൾക്ക് ഭക്ഷണം നൽകരുത്; ഹൈകോടതി ഉത്തരവ് ലംഘിച്ചതിന് കേസ്

Please complete the required fields.




മുംബൈ: മുംബൈയിലെ പൊതുസ്ഥലങ്ങളിൽ പ്രാവുകൾക്ക് ഭക്ഷണം നൽകുന്നത് നിരോധിച്ചു കൊണ്ടുള്ള നിയമം കർശനമാക്കി. ഈ നിയമം ലംഘിച്ചതിന് മുംബൈയിൽ ആദ്യമായി ഒരു ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. ഹിന്ദുജ ആശുപത്രിക്ക് സമീപം എൽ.ജെ. റോഡിലെ കബൂതർഖാനയിൽ പ്രാവുകൾക്ക് ധാന്യം നൽകിയ ചിലർക്കെതിരെയാണ് മാഹിം പൊലീസ് കേസെടുത്തത്.
ജൂലൈ 31-ന് ബോംബെ ഹൈക്കോടതി ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന് (ബി.എം.സി) നൽകിയ കർശന നിർദ്ദേശത്തെ തുടർന്നാണ് ഈ നടപടി. പൊതുസ്ഥലങ്ങളിലും പൈതൃക കേന്ദ്രങ്ങളിലും പ്രാവുകൾക്ക് ഭക്ഷണം നൽകുന്നത് തടയാൻ ക്രിമിനൽ കേസുകൾ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

പ്രാവുകളുടെ എണ്ണം അനിയന്ത്രിതമായി വർധിക്കുന്നത് ശ്വാസകോശരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമം ലംഘിക്കുന്നവരെ കണ്ടുപിടിക്കാൻ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 223, 270, 271 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ഈ വിഷയത്തിൽ ബി.എം.സി. ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു. ദാദറിലെ കബൂതർഖാനയിലെ അനധികൃത നിർമ്മിതികൾ പൊളിച്ചുമാറ്റുകയും പ്രാവുകൾക്കുള്ള തീറ്റ നീക്കം ചെയ്യുകയും ചെയ്തു. നിലവിൽ മൂന്ന് ഷിഫ്റ്റുകളിലായി പൊലീസും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരെ നിരീക്ഷണം ശക്തമാക്കാൻ നിയോഗിച്ചിട്ടുണ്ട്.

ഈ നിയമത്തിനെതിരെ മൃഗസംരക്ഷക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ നിരോധനം ഭരണഘടനയുടെയും മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമത്തിന്റെയും ലംഘനമാണെന്ന് അവർ വാദിക്കുന്നു. ഈ വിഷയത്തിലെ അടുത്ത ഹിയറിംഗ് ഓഗസ്റ്റ് ഏഴിന് നടക്കും.

Related Articles

Back to top button