
കുന്ദമംഗലം : ദേശീയപാത താഴെ പടനിലത്ത് ഉപ്പഞ്ചേരി വളവിൽ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്. വ്യാഴാഴ്ച 11.30-നാണ് അപകടം. കോഴിക്കോട്ടുനിന്ന് ഓമശ്ശേരിക്ക് പോവുകയായിരുന്ന വെസ്റ്റേൺ ബസും എതിരേനിന്നെത്തിയ കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം ബസിനുമുന്നിലേക്ക് ഇടിച്ചുകയറി. നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരുമാണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കി കാറിലുള്ളവരെ പുറത്തെടുത്തത്. കാറിന്റെ മുൻവശം പൂർണമായും തകർന്നു.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ പരിക്ക് സാരമുള്ളതാണ്. കാർ യാത്രക്കാരായ കൊടുവള്ളി സ്വദേശികളായ അബ്ദുള്ള (23), ആയിഷ (68), മുംതാസ് (35), റിൻഷ, ബസ് യാത്രക്കാരായ വിലാസിനി, കൃഷ്ണൻ, അഞ്ജന, നിമിഷ, അനാമിക, റിഷ, കാവ്യ, രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അല്പനേരം ഗതാഗതം തടസ്സപ്പെട്ടു.





