Kasargod

ആശുപത്രിയിലും സുരക്ഷിതരല്ല! കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കൂട്ടിരിപ്പുകാരന് തെരുവുനായയുടെ കടിയേറ്റു

Please complete the required fields.




കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഗവൺമെൻ്റ് ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയിൽ വച്ച് രോഗിയുടെ കൂട്ടിരിപ്പുകാരനെ തെരുവുനായ കടിച്ചു. കാഞ്ഞങ്ങാട് കല്ലഞ്ചിറ സ്വദേശിയും എറണാകുളത്ത് വീഡിയോഗ്രാഫി വിദ്യാർത്ഥിയുമായ അബിൻ കെ. സതീഷിനാണ് (21) ആണ് കടിയേറ്റത്.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മാവന്റെ രക്തപരിശോധനാ ഫലം വാങ്ങാൻ മൂന്നാം നിലയിലുള്ള ലബോറട്ടറിയിലേക്ക് പോയതായിരുന്നു അബിൻ. ഈ സമയത്താണ് മൂന്നാം നിലയിൽ തമ്പടിച്ചിരുന്ന നായ അബിന് നേരെ ചാടിവീണത്. നായയുടെ ആക്രമണത്തിൽ നിന്ന് സ്വയം രക്ഷപ്പെടാൻ കൈവീശിയപ്പോൾ കൈയിൽ കടിയേൽക്കുകയായിരുന്നു.

കൈ വീശി പ്രതിരോധിച്ചില്ലായിരുന്നുവെങ്കിൽ നായ ശരീരത്തിലേക്ക് ചാടിവീണ് മാരകമായി പരിക്കേൽക്കുമായിരുന്നുവെന്ന് അബിൻ പറഞ്ഞു. ഉടൻ തന്നെ ആശുപത്രിയിലെ ലാബിലുള്ളവർ കൈ സോപ്പിട്ട് കഴുകുകയും ആശുപത്രിയിൽ നിന്ന് തന്നെ പ്രതിരോധ കുത്തിവെപ്പ് നൽകുകയും ചെയ്തു.

മകന് നായയുടെ കടിയേറ്റ വിവരം അറിയിച്ചപ്പോൾ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരിൽ നിന്നും വളരെ മോശം അനുഭവമാണ് ഉണ്ടായതെന്ന് അബിന്റെ അമ്മ സോണിയ ആരോപിച്ചു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സുരക്ഷയൊരുക്കേണ്ട ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം പെരുമാറ്റത്തിനെതിരെ പ്രതിഷേധം ശക്തമാണ്.

ആശുപത്രി പരിസരത്ത് തെരുവ് നായ ശല്യം വലിയ ഭീഷണിയാണെന്ന് നാട്ടുകാരും പറയുന്നു. പകൽ സമയങ്ങളിലും തെരുവുനായകൾ ആശുപത്രി പരിസരത്ത് തമ്പടിക്കാറുണ്ട്. രാത്രിയാകുമ്പോൾ ഇവ ആശുപത്രിക്ക് അകത്തേക്ക് കടക്കും. കൂട്ടത്തോടെയെത്തുന്ന നായ്ക്കൾ ആളുകളെ ആക്രമിക്കാൻ ശ്രമിക്കുന്നത് പതിവാണെന്നും പലരും ഭാഗ്യം കൊണ്ടാണ് പലപ്പോഴും രക്ഷപ്പെടുന്നതെന്നും നാട്ടുകാർ പറയുന്നു.ആശുപത്രിയോട് ചേർന്നുള്ള കെട്ടിടത്തിലാണ് ഡിഎംഒ ഓഫീസ് പ്രവർത്തിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടെന്നും ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നുമാണ് ഡിഎംഒയുടെ ചുമതല വഹിക്കുന്ന ബി സന്തോഷ് നൽകിയ വിശദീകരണം.

Related Articles

Back to top button