
താമരശ്ശേരി : ഇരുപതുമിനിറ്റോളംനേരം നെൽവയലിലെ ചെളിയിൽ പുതഞ്ഞുമറിഞ്ഞ ട്രാക്ടറിനടിയിലായിരുന്നു ആ ശരീരം കിടന്നിരുന്നത്. അരയാൾ ആഴത്തിൽ ചെളിയിൽ പൂണ്ടുകിടന്ന ട്രാക്ടർ വയലിന്റെ നടുഭാഗത്തായതിനാലും തൊട്ടടുത്തായി റോഡ് സൗകര്യമില്ലാത്തതിനാലും പാടത്തേക്ക് ക്രെയിനോ മറ്റുപകരണങ്ങളോ എത്തിക്കാൻ നിർവാഹമില്ലായിരുന്നു. ഒടുവിൽ സർക്കാർ ഫാമിലെ ജീവനക്കാരും തൊഴിലാളികളും സാമൂഹികമാധ്യമങ്ങളിലൂടെ വിവരമറിഞ്ഞെത്തിയ നാട്ടുകാരും ചുമട്ടുതൊഴിലാളികളും സന്നദ്ധപ്രവർത്തകരുമെല്ലാം ചേർന്ന് പല കയറുകൾ കെട്ടിവലിച്ചാണ് ട്രാക്ടർ മറിച്ചിട്ടത്. ഈങ്ങാപ്പുഴയിൽ പട്രോളിങ് നടത്തുകയായിരുന്ന എസ്ഐ സജി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള താമരശ്ശേരി പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ചെളിയിൽ പുതഞ്ഞുകിടന്നിരുന്ന മനുഷ്യനെ പുറത്തെടുത്ത് പാടത്തിലൂടെ കൈകളിലേന്തി നടന്ന് നാട്ടുകാർ ആംബുലൻസിലേക്ക് കയറ്റുകയായിരുന്നു.
ശ്രമകരമായ ദൗത്യത്തിനൊടുവിൽ വ്യാഴാഴ്ച രാവിലെ പുറത്തെടുത്തെങ്കിലും ആ ജീവൻ പൊലിഞ്ഞിരുന്നു. ഫാം വർക്കേഴ്‌സ് യൂണിയൻ (എഐടിയുസി) ജില്ലാകമ്മിറ്റിയംഗമാണ് ഹരിദാസ്.രാവിലത്തെ പണിക്കുശേഷം പത്തുമുതൽ പത്തരവരെയുള്ള ഉച്ചഭക്ഷണ ഇടവേള കഴിഞ്ഞ് വിത്തുത്പാദനകേന്ദ്രത്തിനു പിറകിലെ നെൽവയലിലേക്ക് വീണ്ടും ഇറങ്ങിയതായിരുന്നു ഹരിദാസൻ. രണ്ടുദിവസമായി കനത്തമഴ പെയ്തതിനാൽ ചെളിനിറഞ്ഞ നിലയിലായിരുന്നു വയൽ. ട്രാക്ടറിൽ കയറി നിലമുഴുതുന്നതിനിടെ ചക്രങ്ങൾ ചെളിയിൽ കറങ്ങി തെന്നി വാഹനം മറിയുകയായിരുന്നു.
പ്രദേശത്ത് മഴക്കാലത്ത് ഇതിനുമുൻപും ട്രാക്ടറുകളും ടില്ലറുകളും അപകടത്തിൽപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇതുവരെ ജീവഹാനിയുണ്ടായിട്ടില്ല. ഹരിദാസന്റെ മരണത്തിനിടയാക്കിയ ഇതേ ട്രാക്ടർ വിത്തുദ്പാദനകേന്ദ്രത്തിലെ മറ്റൊരു വയൽഭാഗത്ത് രണ്ടുമാസംമുൻപ് നിയന്ത്രണംവിട്ടിരുന്നു. അന്ന് മുൻവശം ഉയർന്ന് പിറകുവശം ചെളിയിലേക്ക് പൂണ്ട് കുത്തനെ നിൽക്കുകയായിരുന്നു. അന്ന് വാഹനമോടിച്ചിരുന്ന മലപുറം സ്വദേശിയായ കരാർ തൊഴിലാളി വാഹനം മറിയാനൊരുങ്ങുന്നതുകണ്ട് ട്രാക്ടറിൽനിന്ന് എടുത്തുചാടിയതിനാലാണ് അപകടമൊഴിവായത്.
ഏറെക്കാലം കരാർ തൊഴിലാളിയായി ജോലിചെയ്ത ഹരിദാസിന് ഏഴുവർഷംമുൻപാണ് സർക്കാർ വിത്തുത്പാദനകേന്ദ്രത്തിൽ സ്ഥിരംനിയമനം ലഭിച്ചതെന്ന് കേന്ദ്രത്തിന്റെ ചുമതലവഹിക്കുന്ന സീനിയർ കൃഷി ഓഫീസർ മനോജ് പറയുന്നു. തങ്ങൾക്കൊപ്പം ജോലിചെയ്തിരുന്ന സൗമ്യപ്രകൃതക്കാരനായ ഹരിദാസന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് സീഡ് ഫാമിലെ തൊഴിലാളികളും ജീവനക്കാരും. അപ്രതീക്ഷിതമായ ഒരു ദുരന്തത്തിന്റെ നടുക്കംമാറാതെ നാടും.





