Kozhikode

വിദ്യാർഥിയുടെ മുങ്ങി മരണം: കുളത്തിലെത്തുന്നത്‌ നിയന്ത്രിക്കണമെന്ന്‌ നാട്ടുകാർ

Please complete the required fields.




കൊടുവള്ളി : കരുവൻപൊയിൽ പൊതുകുളത്തിൽ നീന്തിക്കുളിക്കാനെത്തിയ വിദ്യാർഥിയുടെ മുങ്ങിമരണം പ്രദേശത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. 40 വർഷത്തിലേറെ പഴക്കമുള്ള പൊതുകുളത്തിൽ ആദ്യമായാണ് ഒരു മുങ്ങിമരണം സംഭവിക്കുന്നത്. കൊടുവള്ളി കെഎംഒ ഹുദവി കോളേജ് ബിരുദവിദ്യാർഥിയായ വെണ്ണക്കോട് അയനിക്കുന്നുമ്മൽ മുഹമ്മദ് നാജിൽ (18) ആണ് കൂട്ടുകാരോടൊപ്പം കുളത്തിൽ നീന്തിക്കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്.

20 മീറ്ററിലധികം ആഴമുള്ള കുളത്തിൽ നീന്തുന്നതിനിടെ താഴ്ന്നുപോയ നാജിലിനെ കാണാതായതിനെത്തുടർന്ന് കൂട്ടുകാരിലൊരാൾ കുളത്തിന്റെ തൊട്ടടുത്ത വീട്ടിൽ ഓടിയെത്തി വിവരമറിയിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന തലക്കരിമ്പിൽ ജുനൈദ് ഓടിയെത്തി കുളത്തിലേക്ക് കുതിച്ചുചാടി കുളത്തിനടിയിൽനിന്ന് നാജിലിനെ കരയ്ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കരുവൻപൊയിലിൽ കൃഷിയാവശ്യത്തിന് നിർമിച്ച പൊതുകുളത്തിൽ ദിവസവും ഇരുനൂറിൽപ്പരമാളുകളാണെത്തുന്നത്. സ്കൂൾക്കുട്ടികളും യുവാക്കളുമാണ് കുളത്തിൽ നീന്താനെത്തുന്നവരിൽ അധികവും.

ഇവർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്ഥലത്തെ സ്നേഹക്കൂട് റെസിഡന്റ്സ് അസോസിയേഷൻ കൊടുവള്ളി പോലീസിൽ പരാതിനൽകിയിരുന്നു. എന്നാൽ പോലീസ് സ്ഥലത്തുവന്ന് കുളംകണ്ട് മടങ്ങിപ്പോയതല്ലാതെ യാതൊരു നടപടിയും പിന്നീടുണ്ടായിട്ടില്ലെന്നും ഇതിന്റെ പരിണതഫലമാണ് ഇപ്പോഴുണ്ടായ ദുരന്തമെന്നും റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കൊടുവള്ളി നഗരസഭ കുളത്തിനരികെ സ്ഥാപിച്ച ‘അനധികൃതമായി കുളത്തിൽ ഇറങ്ങാനോ കുളിക്കാനോ പാടില്ലെന്ന’ ബോർഡ് കുളിക്കാനെത്തുന്നവർ നശിപ്പിച്ചുകളഞ്ഞിരുന്നു

Related Articles

Back to top button