
പെരുവണ്ണാമൂഴി : പ്ലാന്റേഷൻ കോർപ്പറേഷന്റെ കീഴിലുള്ള മുതുകാട്ടിലെ പേരാമ്പ്ര എസ്റ്റേറ്റിൽ പകലും കാട്ടാനക്കൂട്ടം വിലസുന്നു. ഇതോടെ കുറ്റിക്കാട് നിറഞ്ഞ റബ്ബർത്തോട്ടങ്ങളിൽ ആശങ്കയോടെയാണ് തൊഴിലാളികൾ അതിരാവിലെ റബർ ടാപ്പിങ്ങിനായി എത്തുന്നത്. കഴിഞ്ഞ ദിവസം കശുമാവിൻതോട്ടമുള്ള ബി ഡിവിഷനിലെ 2005 ഏരിയയിലാണ് കാട്ടാനക്കൂട്ടത്തെ പകൽ കണ്ടതെന്ന് തൊഴിലാളികൾ പറഞ്ഞു. റബ്ബർത്തോട്ടത്തിന് സമീപത്തുള്ള കശുമാവിൻതോട്ടമാണിത്.
ഏറെക്കാലമായി കാട്ടാനകൾ പേരാമ്പ്ര എസ്റ്റേറ്റിലേക്ക് എത്തി റബ്ബർമരങ്ങൾ നശിപ്പിക്കുന്നുണ്ട്. 22 ഏരിയയിൽ കാട്ടാനകൾ വലിയരീതിയിലാണ് റബ്ബർമരങ്ങൾ നശിപ്പിച്ചത്. പെരുവണ്ണാമൂഴി റിസർവോയർ നീന്തിക്കടന്നാണ് വനത്തിൽനിന്ന് ഈ സ്ഥലങ്ങളിലേക്ക് ആനയെത്തുന്നത്. ഇവിടെയൊന്നും നിലവിൽ സോളാർവേലികളില്ല. സി ഡിവിഷനിലെ പത്താംബ്ലോക്കിലും റബ്ബർമരം വ്യാപകമായി നശിപ്പിച്ച മറ്റൊരു മേഖലയാണ്. മൂവായിരത്തോളം റബ്ബർമരങ്ങൾ പുതുതായി നട്ടുവളർത്തിയപ്പോൾ നല്ലൊരുഭാഗം ആന നശിപ്പിച്ചുകഴിഞ്ഞു. 73, 22 ഏരിയയും ബി ഡിവിഷനിലെ 2005, 2000 ഏരിയകളുമാണ് ആനകൾ സ്ഥിരമായി ഇറങ്ങാറുള്ള ഇടങ്ങൾ. 73-ാം ഏരിയയിലെ റബ്ബർപ്പാൽ കളക്ടിങ് സ്റ്റേഷൻ രണ്ടുതവണ കാട്ടാനക്കൂട്ടം തകർത്തിരുന്നു.
റബ്ബർമരം പിഴുതെറിയുന്നതിന് പുറമേ കൊമ്പുകൊണ്ട് കുത്തിയും ശരീരമുരച്ചും റബ്ബർമരങ്ങളുടെ തൊലികളയുന്നതും പതിവാണ്. ഇതെല്ലാം പിന്നീട് ഉണങ്ങുകയും ചെയ്യും. എ, ബി ഡിവിഷനിലൊന്നും നിലവിൽ സോളാർവേലികളില്ല. കാട്ടുപോത്തും കാട്ടുപന്നിയും പകൽസമയത്തും എസ്റ്റേറ്റിലെത്തുന്നുണ്ട്. പുലർച്ചെ അഞ്ചുമണിയോടെ ജോലിക്കായി എത്തുന്നവരാണ് എസ്‌റ്റേറ്റിലെ തൊഴിലാളികൾ. ഒട്ടേറെ പ്രാവശ്യം കാട്ടാനയുടെ മുന്നിൽപ്പെട്ട് ഓടിരക്ഷപ്പെടേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. ചിലർക്കൊക്കെ പരിക്കുമുണ്ടായി. എന്നിട്ടും പ്രശ്നം ശാശ്വതമായി പരിഹരിക്കാൻമാത്രം കഴിഞ്ഞിട്ടില്ല. രാത്രികാലത്ത് വന്യമൃഗശല്യം തടയാൻ വാച്ചർമാരും കുറവാണെന്ന് തൊഴിലാളിസംഘടനാ നേതാക്കൾ പറയുന്നു.





