
നാദാപുരം: ഉരുൾപൊട്ടൽഭീഷണി നിലനിൽക്കുന്ന വിലങ്ങാട് അടുപ്പിൽ ഉന്നതിയിലെ 27 കുടുംബങ്ങൾ താമസിക്കുന്നത് കനത്തഭീതിയിൽ. 65 കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കുന്നതായിരുന്നു പദ്ധതി. ഇതിൽ 38 വീടുകൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. 27 വീടുകളുടെ നിർമാണമാണിപ്പോൾ അനിശ്ചിതത്വത്തിലായത്. പുതിയ വീടില്ലാത്ത 27 കുടുംബങ്ങൾ ഇപ്പോൾ താമസിക്കുന്നത് വിദഗ്ധസമിതി വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ പഴയ അടുപ്പിൽ ഉന്നതിയിലാണ്. 2019-ലെ വിലങ്ങാട് ഉരുൾപൊട്ടലിൽ നാലുപേർ മരിക്കുകയും കോടികളുടെ നാശനഷ്ടമുണ്ടാകുകയും ചെയ്തിരുന്നു. ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയാണ് അടുപ്പിൽ ഉന്നതിയിലെ കുടുംബങ്ങളെ പൂർണമായി മാറ്റിത്താമസിപ്പിക്കണമെന്ന് നിർദേശിച്ചത്. ഇവർക്കായി വാണിമേൽ-വിലങ്ങാട് റോഡിൽ പയനംകൂട്ടത്തിലാണ് സർക്കാർ ഭൂമി വാങ്ങി വീടുനിർമാണം നടത്തിയത്. 65 കുടുംബങ്ങൾക്കുമുള്ള വീടുനിർമാണത്തിലെ 38 വീടുകളാണ് ഇവിടെ പൂർത്തിയായത്. 28 വീടുകളുടെ നിർമാണം പൂർത്തീകരിക്കാനുണ്ട്.
ചോർന്നൊലിക്കുന്ന വീടുകളാണ് ഇപ്പോൾ അടുപ്പിൽ ഉന്നതിയിലുള്ളത്. പ്ലാസ്റ്റിക് ഷീറ്റിട്ടാണ് മഴയിൽനിന്ന് രക്ഷനേടുന്നത്. വീടുകളിലേക്കുള്ള വഴിയും ഏറെ പ്രയാസകരമായിട്ടുണ്ട്. ചിലർ സമീപത്തെ ബന്ധുവീടുകളിലേക്കും താമസംമാറ്റിയിട്ടുണ്ട്. സ്ഥലത്തിന് 6 ലക്ഷവും വീടുവെക്കാൻ 4 ലക്ഷംരൂപയും ട്രൈബൽവകുപ്പിൽനിന്ന് 2 ലക്ഷം രൂപയുമാണ് അടുപ്പിൽ ഉന്നതിയിലെ കുടുംബത്തിന് സർക്കാർ അനുവദിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ പിന്തുണയോടെ ഊരാളുങ്കൽ സൊസൈറ്റിയാണ് പ്രവൃർത്തിയേറ്റെടുത്തത്.
എല്ലാവർക്കും ഒരേരീതിയിലുള്ള വീട് നിർമിക്കാനായിരുന്നു സൊസൈറ്റിയുടെ പദ്ധതി. എന്നാൽ, വീടുനിർമാണപ്രവൃത്തിക്കെതിരേ ബിജെപിയുടെ പിന്തുണയോടെ ചിലർ രംഗത്തെത്തി. അടിസ്ഥാനരഹിതമായ ആരോപണമാണ് ബിജെപി ഉന്നയിക്കുന്നതെന്ന നിലപാടായിരുന്നു സിപിഎമ്മിന്റേത്. രാഷ്ട്രീയവിവാദവും പ്രതിഷേധവും കനത്തതോടെ 27 കുടുംബങ്ങൾക്ക് സ്വന്തംനിലയിൽ പ്രവൃത്തി നടത്താൻ അധികൃതർ സമ്മതംനൽകി. എന്നാൽ, വീടുനിർമാണം പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു.: ഗുണഭോക്താക്കൾ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അവർക്ക് നേരിട്ട് പണംനൽകിയത്. ഉന്നതിയിലെ മറ്റ് അടിസ്ഥാനസൗകര്യവികസനത്തിന് അംബേദ്കർ ഗ്രാമം പദ്ധതിപ്രകാരം ട്രൈബൽ ഡിപ്പാർട്ട്‌മെന്റിൽനിന്ന് ഒരുകോടിരൂപ അനുവദിച്ചിട്ടുണ്ട്. അത് ടെൻഡർ നടപടിയിലാണ്. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി 88 ലക്ഷംരൂപ അനുവദിച്ചിട്ടുണ്ട്. അത് ടെൻഡറായിട്ടുണ്ട്. ഉടൻ സ്ഥാപിക്കാനുള്ള നടപടിയുണ്ടാകും





