
കോഴിക്കോട് : ദേശീയപാതയിൽ പാലാഴി ജങ്ഷനിൽ മേൽപ്പാലം അവസാനിക്കുന്നഭാഗത്ത് മണ്ണിടിഞ്ഞ് റോഡിലേക്കുവീണു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ഇവിടെ ദേശീയപാതയുടെ ഒരുഭാഗത്ത് 15 മീറ്ററോളം ഉയരമുള്ള കുന്നാണ്. റോഡ് നിർമാണത്തിനായി നേരത്തേ ഈ വശത്തെ മണ്ണെടുത്തിരുന്നു. പാറയും മറ്റും ലേസർകട്ട് ചെയ്യുകയും ചെയ്തിരുന്നു. ഈ ഭാഗത്തുനിന്നാണിപ്പോൾ മണ്ണിടിഞ്ഞുവീണിരിക്കുന്നത്.
ഇവിടെ സർവീസ്റോഡിന്റെ പണി നടക്കുന്നുണ്ടായിരുന്നെന്നും ഇതിനിടെയാണ് മണ്ണിടിഞ്ഞുവീണതെന്നുമാണ് നാട്ടുകാർ പറയുന്നത്. ബസുകളുൾപ്പെടെ പോകുന്ന റോഡിന്റെ ഈ ഭാഗത്ത് യാതൊരു സുരക്ഷിതത്വവുമില്ലാത്ത രീതിയിലാണ് റോഡ് നിർമിച്ചിരിക്കുന്നതെന്നും യാത്രക്കാർ പേടിയോടെയാണ് ഈ ഭാഗത്തുകൂടി യാത്രചെയ്യുന്നതെന്നും പന്തീരാങ്കാവ് സ്വദേശി നൗഫൽ പറഞ്ഞു. എങ്ങനെയാണ് ഇത്ര അപകടകരമായരീതിയിൽ റോഡ് നിർമിക്കാനാകുന്നതെന്നും നൗഫൽ ചോദിക്കുന്നു.
സുരക്ഷ ഉറപ്പുവരുത്തിയില്ലെങ്കിൽ ഏതുസമയത്തും ഇനിയും മണ്ണിടിഞ്ഞ് റോഡിലേക്കുവീഴാവുന്ന അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. ഇക്കാര്യങ്ങൾ കാണിച്ച് നിർമാണംതുടങ്ങിയ കാലത്തുതന്നെ നാട്ടുകാർ കളക്ടർക്കും ദേശീയപാതാ അതോറിറ്റിക്കും പരാതിനൽകിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. പാലം നിർമിക്കുമ്പോഴും എതിർഭാഗത്ത് വീതികൂട്ടിയെടുക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. പാറ ലേസർകട്ട് ചെയ്താണെടുക്കുകയെന്നും ഒന്നും പേടിക്കേണ്ടതില്ലെന്നുമാണ് അധികൃതർ അന്നും വ്യക്തമാക്കിയതെന്ന് നാട്ടുകാർ പറയുന്നു.എന്നാൽ, മണ്ണിടിഞ്ഞസ്ഥലം തങ്ങളുടെ സ്ഥലമല്ല, തങ്ങളുടെ പണി നടക്കുന്ന സ്ഥലവുമല്ലെന്നാണ് ദേശീയപാതാ കരാറുകാർ പ്രതികരിച്ചത്. സ്വകാര്യവ്യക്തിയുടെ ഈ സ്ഥലം ദേശീയപാതയ്ക്കായി ഇതുവരെ ഏറ്റെടുത്തിട്ടുമില്ല. ഇവിടെ നിലവിൽ സർവീസ് റോഡിന്റെ പണിയൊന്നും നടക്കുന്നില്ല. സർവീസ് റോഡ് പണിയണമെങ്കിൽ ഇനി സ്ഥലമേറ്റെടുക്കണമെന്നും കരാറുകാർ പറയുന്നു.





